പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റര്‍ തുറന്നുകൊടുത്തില്ല

ചാലക്കുടി:  പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ്ബ് സെന്റര്‍ ഇനിയും തുറന്ന് കൊടുത്തിട്ടില്ല. ബാലികുളത്തിന് സമീപം പണിതീര്‍ത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സബ്ബ് സെന്ററാണ് ഇനിയും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതെ കാടുപിടിച്ച് കിടക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാലര ലക്ഷത്തോളം രൂപ ചെവലില്‍ നിര്‍മിച്ച കെട്ടിടമാണ് ഇപ്പോഴും അധികൃതരുടെ അനാസ്ഥമൂലം പൂട്ടികിടക്കുന്നത്.
കെട്ടിടത്തില്‍ ടോയ്‌ലറ്റ് സൗകര്യം കൂടി ഒരുക്കേണ്ടതുണ്ട്. എന്നാല്‍ ഇത് പൂര്‍ത്തീകരിക്കാന്‍ നടപടിയായില്ല. കെട്ടിടത്തിലേക്കുള്ള സുഗമമായ പ്രവേശനത്തിന് രണ്ട് ലക്ഷം രൂപ ചെലവിട്ട് കോണ്‍ക്രീറ്റ് പാലവും ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള കാനയ്ക്ക് കുറുകെ കോണ്‍ക്രീറ്റ് സ്ലാബ് വിരിച്ചാണ് പ്രവേശനകവാടം ഒരുക്കിയത്. ആറ് ലക്ഷത്തോളം രൂപ പാഴായിപോയ അവസ്ഥയാണിവിടെ. പ്രദേശവാസികള്‍ക്ക് ചികില്‍സാ സൗകര്യം ഒരുക്കാനായാണ് ബാലികുളത്തിന് സമീപം ആരോഗ്യ കേന്ദ്രത്തിന്റെ സബ്ബ് സെന്റ് നിര്‍മിച്ചത്. കുട്ടികള്‍ക്കുള്ള കുത്തിവയ്പ്പ്, വയോധികര്‍ക്ക് ആവശ്യമായ ചികില്‍സാ സൗകര്യം ഒരുക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. എന്നാല്‍ പണം പാഴായതല്ലാതെ സബ്ബ് സെന്റര്‍ നാട്ടുകാര്‍ക്ക് ഉപകാരമില്ലാതായി മാറിയിരിക്കുകയാണ്.
കെട്ടിടമിപ്പോള്‍ ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായിരിക്കുകയാണ്. ഇവിടെ തമ്പടിക്കുന്ന കഞ്ചാവ് വില്‍പ്പന നടത്തുന്നവരെയടക്കമുള്ളവരെ നാട്ടുകാര്‍ പലപ്പോഴും ഓടിച്ച് വിടുകയാണ് പതിവ്. സബ്ബ് സെന്ററിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top