പരിയാരം പഞ്ചായത്തിലെ ബാലികുളം നാശത്തിന്റെ വക്കില്‍

ചാലക്കുടി: പരിയാരം പഞ്ചായത്തിലെ പ്രധാന ജനശ്രോതസ്സായ ബാലികുളം നാശത്തിന്റെ വക്കില്‍. മതിയായ സംരക്ഷണം നല്‍കാത്തതാണ് കുളത്തിന്റെ നാശത്തിന് കാരണമാവുന്നത്. ഒരു കാലത്ത് ജലസേചനത്തിന്റെ സൗകര്യത്തിനായി നിറയെ വെള്ളം ശേഖരിച്ചിരുന്ന കുളത്തില്‍ സമീപകാലത്ത് ചോര്‍ച്ച സംഭവിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്.
കുളത്തില്‍ വെള്ളം ഒട്ടും തന്നെ നില്‍ക്കാത്ത അവസ്ഥയാണിപ്പോള്‍. മൂന്നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ നവീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു. ഈ നവീകരണത്തിന് ശേഷമാണ് കുളത്തില്‍ ചോര്‍ച്ചയുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. കുളത്തിന്റെ ഒരു വശത്തെ കരിങ്കല്‍ ഭിത്തികള്‍ കെട്ടിയതിലുള്ള അപാകതയാണ് പ്രശ്‌നമായത്.
നിര്‍മാണത്തിലെ അപാകതമൂലം ഈ ഭാഗത്ത് നിന്ന് അപ്പുറത്തെ താഴ്ന്ന പ്രദേശത്തേക്ക് വെള്ളം ചോര്‍ന്നു പോവുകയാണ്. പഴയകാലത്ത് കപ്പ തോട്ടില്‍ നിന്നും കുളത്തില്‍ വെള്ളം സംഭരിക്കുകയും അത് വേനല്‍കാലത്ത് താഴ്ന്ന പ്രദേശങ്ങളിലെ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. ഈ ആവശ്യത്തിനായാണ് പണ്ട് കുളം നിര്‍മിച്ചത്. ഇന്ന് ഇറിഗേഷന് കനാലില്‍ നിന്നുള്ള വെള്ളമാണ് കുളത്തില്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ചോര്‍ച്ച മൂലം വെള്ളം പാഴാവുകയാണ്. ഈ കുളത്തില്‍ കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. കുളത്തിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഈ പദ്ധതികളും അവതാളത്തിലാണ്.
വളരെ വിസ്തൃതിയുള്ള ഈ കുളത്തെ കേന്ദ്രീകരിച്ച് പ്രകൃതി ആസ്വാദന കേന്ദ്രം ആരംഭിക്കാന്‍ വനംവകുപ്പ് അടുത്തകാലത്ത് പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ചീഫ് കണ്‍സര്‍വേറ്റര്‍ കുളം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെയാണ്. നല്ല രീതിയില്‍ കുളം നവീകരിച്ച് ചുറ്റും നടപ്പാതകള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top