പരിമിതികളില്‍ വീര്‍പ്പുമുട്ടി ഇരിട്ടി അഗ്നിരക്ഷാ നിലയം

ഇരിട്ടി: പ്രവര്‍ത്തനം തുടങ്ങി എട്ടുവര്‍ഷം പിന്നിട്ടിട്ടും പരിമിതികളില്‍ വീര്‍പ്പുമുട്ടി ഇരിട്ടി അഗ്നിരക്ഷാ നിലയം. ജീവനക്കാരുടെ കുറവും സൗകര്യപ്രദമായ കെട്ടിടത്തിന്റെ അഭാവവും തന്നെ പ്രധാനം. നേരംപോക്ക് റോഡിലെ പഴയ ഗവ. ആശുപത്രി കെട്ടിടത്തിലാണ് നിലയം പ്രവര്‍ത്തിച്ചുവരുന്നത്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണ് ഈ കെട്ടിടം. മുകളില്‍ ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ പാകിയ കെട്ടിടം മഴയില്‍ ചോര്‍ന്നൊലിക്കുന്നതും വേനല്‍ചൂടില്‍ ചുട്ടു പൊള്ളുന്നതും ജീവനക്കാര്‍ക്ക് സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല.
കെട്ടിടത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന റോഡില്‍നിന്ന് മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളം കുത്തിയൊലിച്ച് ഓഫിസില്‍ കയറുകയാണ്. നേരംപോക്ക് റോഡിന്റെ വീതിക്കുറവും വാഹനബാഹുല്യവും ആണ് മറ്റൊരു പ്രതിസന്ധി. ഒരു അപകടത്തിന്റെ ഫോണ്‍വിളി എത്തിയാല്‍ ഈ റോഡില്‍നിന്ന് വാഹനം മെയിന്‍ റോഡിലെത്തിക്കുക എന്നത് സാഹസമാണ്. സൗകര്യപ്രദമായ സ്ഥലവും കെട്ടിടവും ലഭ്യമാക്കുക എന്നതാണ് പ്രതിവിധി.
ഇതിനെല്ലാം പുറമെ മതിയായ ജീവനക്കാര്‍ ഇല്ലാത്ത പ്രയാസങ്ങള്‍ വെറെയും. സ്റ്റേഷനില്‍ 24 ഫയര്‍മാന്‍മാരും 4 ലീഡിങ് ഫയര്‍മാന്‍മാരും 7 ഡ്രൈവര്‍മാരും വേണ്ടിടത്ത് ഇവിടെയുള്ളത് 12 ഫയര്‍മാന്‍മാരും, 2 ലീഡിങ് ഫയര്‍മാന്മാരും 3 ഡ്രൈവര്‍മാരും മാത്രം. രണ്ട് സംസ്ഥാനങ്ങളുടെ വിസ്തൃതമായ അതിര്‍ത്തിപ്രദേശത്തെ നിലയം എന്ന നിലയിലും ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങള്‍, പഴശ്ശി അണക്കെട്ടും അതിന്റെ വിശാലമായ ജലാശയങ്ങളും വനപ്രദേശങ്ങള്‍ എന്നീ നിലകളിലും സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളാണ് ഇരിട്ടി നിലയം അഭിമുഖീകരിക്കുന്നത്.
രണ്ട് ലീഡിങ് ഫയര്‍മാന്‍മാരില്‍ ഒരാള്‍ അവധിയെടുക്കുമ്പോള്‍ ഈ ചുമതല പലപ്പോഴും ഫയര്‍മാന്‍ ഏറ്റെടുക്കേണ്ടി വരുന്നു. ഡ്രൈവര്‍മാരുടെ കുറവും മറ്റൊരു പ്രധാന പ്രശ്‌നമാണ്. ആംബുലന്‍സ് അടക്കം 4 വാഹനങ്ങള്‍ ഉള്ള ഇവിടെയുള്ളത് 3 ഡ്രൈവര്‍മാര്‍ മാത്രം. അതിനാല്‍ ഒരുസമയത്ത് ഒരു ഡ്രൈവറാണ് ഡ്യൂട്ടിയില്‍ ഉണ്ടാവുക. ഇതിനാല്‍ ആംബുലന്‍സ് സേവനം പലപ്പോഴും ലഭ്യമാക്കാന്‍ കഴിയാറില്ല.

RELATED STORIES

Share it
Top