പരിചയഭാവം നടിച്ച് മാല തട്ടിയ സംഭവം: തട്ടിപ്പിനിരയായ വീട്ടമ്മ യുവതിയെ തിരിച്ചറിഞ്ഞു

പള്ളുരുത്തി: പരിചയഭാവം നടിച്ച് എത്തി വയോധികയായ വീട്ടമ്മയുടെ ഒരു പവന്‍ തൂക്കം വരുന്ന മാല തട്ടിയ സംഭവത്തില്‍ തട്ടിപ്പു നടത്തിയ സ്ത്രീയെ വീട്ടമ്മ തിരിച്ചറിഞ്ഞു.
പോലിസ് കാണിച്ച ഫോട്ടോയില്‍ നിന്നാണ് വീട്ടമ്മ ഇവരെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ച തോപ്പുംപടി സെന്റ്. സെബാസ്റ്റിന്‍ പള്ളിയില്‍ വച്ചാണ് യുവതി വയോധികയെ പരിചയപ്പെടുന്നത്. പിന്നീട് പല കാര്യങ്ങള്‍ പറഞ്ഞ് അടുപ്പം കൂടിയ ശേഷം ഒരു പവന്റെ മാല തട്ടിയെടുക്കുകയായിരുന്നു.
പള്ളുരുത്തി കളത്ര കുത്തുകാട്ടില്‍ റീത്ത(74)യാണ് തട്ടിപ്പിനിരയായത്.
സംഭവശേഷം തോപ്പുംപടി പോലിസില്‍ റീത്ത പരാതി നല്‍കിയെങ്കിലും പോലിസ് വിഷയം ഗൗരവമായെടുത്തില്ല. രണ്ടു ദിവസം കഴിഞ്ഞ് കലൂര്‍ പള്ളിയില്‍ സമാനമായ തട്ടിപ്പു നടന്നതിനു ശേഷമാണ് പള്ളിയിലെ സിസിടി വി കാമറയില്‍ പതിഞ്ഞ ദൃശ്യവുമായി പോലിസ് വീട്ടമ്മയുടെ അടുത്തെത്തുന്നത്.
എറണാകുളത്തെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് യുവതി തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പോലിസ് സംശയിക്കുന്നു. സിറ്റി പോലിസ് യുവതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

RELATED STORIES

Share it
Top