പരിഗണന ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവില്ല: മായാവതി

ന്യൂഡല്‍ഹി: മാന്യമായ പരിഗണന ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവില്ലെന്നു വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ മായാവതി. തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ ഭാഗമായി നിന്നു സീറ്റിന് വേണ്ടി യാചിക്കുന്നതിനോടു യോജിപ്പില്ല. അതിനു പകരം ഒറ്റയ്ക്ക് മല്‍സരിക്കുന്ന കാര്യം പരിഗണിക്കുമെന്നു മായാവതി വ്യക്തമാക്കി. മാന്യമായ സ്ഥാനം തന്നില്ലെങ്കില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിലേതു പോലെ 2019ലും തനിച്ച് മല്‍സരിക്കുമെന്ന് അവര്‍ പറഞ്ഞു. ബിഎസ്പി സ്ഥാപകനേതാവ് കാന്‍ഷിറാമിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മായാവതി.
ബിഎസ്പി അതിന്റെ ആത്മാഭിമാനത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ബിഎസ്പിയെ തളര്‍ത്താനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ഒരുപാട് സമരപരമ്പരകളിലൂടെയാണ് ബിഎസ്പി വളര്‍ന്നതെന്ന് ആരും മറക്കരുത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ക്കായി തയ്യാറാവണമെന്ന് മായാവതി പാര്‍ട്ടി പ്രവര്‍ത്തകരോടായി പറഞ്ഞു.
അതേസമയം മായാവതിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നു യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു. സഖ്യത്തിനു വേണ്ടി ബിഎസ്പിക്ക് യാചിക്കേണ്ടിവരില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അവരെ കേള്‍ക്കുമെന്നും പരിഹാരം കാണുമെന്നുമാണു പ്രതീക്ഷിക്കുന്നതെന്നും ബബ്ബാര്‍ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞടുപ്പു—ളില്‍ ബിഎസ്പി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top