പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിച്ചില്ല; പോലിസിനെതിരേ പരാതി

താമരശ്ശേരി: അജ്ഞാത വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റ സംഭവത്തില്‍ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതിരുന്ന താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയിലും പൊതു പ്രവര്‍ത്തകനായ മജീദ് താമരശ്ശേരിയുമാണ് പരാതി നല്‍കിയത്.
പരാതിയെ കുറിച്ച് അന്വേഷിക്കുമെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഡിജിപിയുടെ ഓഫിസില്‍ നിന്ന് മറുപടിയും പരാതിക്കാര്‍ക്ക് ലഭിച്ചു . ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.15 ഓടെ ചുങ്കത്തെ ജുമാ മസ്ജിദിനു സമീപം മണ്ണില്‍ക്കടവ് സ്വദേശിയായ യുവാവിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ കടന്നു കളഞ്ഞിരുന്നു.
പരിക്കേറ്റ ആള്‍ വീണു കിടക്കുന്നിടത്തുനിന്നും കേവലം 15 മീറ്റര്‍ മാത്രം അകലത്തില്‍ താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ എസ്‌ഐ യും ഡ്രൈവറും രണ്ട് ഹോം ഗാര്‍ഡുകളുമുണ്ടായിരുന്നു. എന്നാല്‍ പരിക്കേറ്റ ആളെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പോലിസ് തയ്യാറായിരുന്നില്ല.രക്തം വാര്‍ന്ന് അഞ്ച് മിനിറ്റോളം സമയമാണ് യാത്രികന്‍ ഇതുമൂലം റോഡില്‍ കിടന്നത്.
പിന്നീട് വയനാട്ടിലേക്ക് പോവുകയായിരുന്ന കാറില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തി. അതേസമയം ഹോം ഗാര്‍ഡുകളാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതെന്നും ഡ്യൂട്ടി ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശമില്ലാതെ ഹോം ഗാര്‍ഡുകള്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നുമാണ് പോലിസ് ഭാഷ്യം.

RELATED STORIES

Share it
Top