പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു; ശ്രീരൂപ് വെന്റിലേറ്ററില്‍

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ, കപ്പലില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ പി ടി ശ്രീരൂപി (35)നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി.
45 ശതമാനത്തിലധികം പൊള്ളലാണ് ശ്രീരൂപിന് സംഭവിച്ചിരിക്കുന്നത്. ശ്രീരൂപിന്റെ ശ്വസന പ്രക്രിയക്കും കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നാലംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇദ്ദേഹത്തൈ ചികില്‍സിക്കുന്നത്. ശ്രീരൂപിനെ കൂടാതെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ടിജു വര്‍ഗീസ് ജോണി (26)ന്റെ നിലയും ഗുരുതരമാണ്. ടിജുവിനും നെഞ്ചിലാണ് ബുദ്ധിമുട്ട് നേരിടുന്നത്. ശ്വസിക്കുന്നതിലും പ്രയാസമുണ്ട്. പൊള്ളലേറ്റ ജെയ്‌സണ്‍ വര്‍ഗീസി (41)നെയും ടിന്റു (28)വിനെയും തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ അഭിലാഷി (31)ന്റെ കണ്ണുകളില്‍ പതിച്ചിരുന്ന ചീളുകളും മറ്റും നീക്കം ചെയ്തതായും അവര്‍ അറിയിച്ചു.
അഭിലാഷിന്റെ വലതു കണ്ണിലായിരുന്നു പരിക്കേറ്റത്. കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് കഴിഞ്ഞദിവസം പൊട്ടിത്തെറിയുണ്ടായത്.
വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഗുരതരമായ പരിക്കേറ്റ അഞ്ചു പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ഇവരെ ആശുപത്രിയിലെത്തി ഇന്നലെ സന്ദര്‍ശിച്ചു.


RELATED STORIES

Share it
Top