പരാധീനതകള്‍ക്ക് നടുവില്‍ ജില്ലാ ആയുര്‍വേദ ആശുപത്രി

പുത്തനത്താണി: പരാധീനതയില്‍ വീര്‍പ്പ് മുട്ടി  കടുങ്ങാത്തുകുണ്ടിലെ  ജില്ലാ ആയുര്‍വേദ ആശുപത്രി. പേര് ജില്ലാ ആശുപത്രിയാണെങ്കില്‍ അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലാത്ത നിലയിലാണ് ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം. ദിവസേന സാധാരണക്കാരായ നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്ന അവഗണന മൂലം ദുരിതത്തിലായിരിക്കുന്നത്  നിര്‍ധനരായ രോഗികളാണ്. ആശുപത്രിയില്‍ വൈദ്യുതി നിലച്ചാല്‍ രോഗികള്‍ ഇരുട്ടത്തിരിക്കേണ്ട ഗതികേടിലാണ്. 12 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ജനറേറ്റര്‍ ഒരു വര്‍ഷത്തോളമായി തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. ബദല്‍ സംവിധാനത്തിനായി ലക്ഷങ്ങള്‍ മുടക്കി സജ്ജീകരിച്ച  സോളാര്‍ സംവിധാനവും തകരാറിലായിട്ട് മാസങ്ങളായി. എക്‌സറേ യൂനിറ്റും പ്രവര്‍ത്തനം നിലച്ച് തുരുമ്പെടുത്ത് നശിച്ചു. എക്‌സറേ യൂനിറ്റില്ലാതെയാണ് ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം.ആശുപത്രിയിലെ മലിനജലം ഒഴുക്കുന്നത്  തുറന്ന സ്ഥലത്തേക്കാണ്.ഇത് മൂലം  ആശുപത്രിയും പരിസരവും കൊതുക് വളര്‍ത്തു  കേന്ദ്രമായി മാറിയിരിക്കുകയാണ്.മാലിന്യ സംസ്‌കരണത്തിന്  വേണ്ടി നിര്‍മിച്ച ഇന്‍സിനേറ്ററും തുരുമ്പെടുത്ത് ഉപയോഗശൂന്യമായി.ആശുപത്രിയില്‍ ദിവസവും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉണ്ടെങ്കിലും കിടത്തി ചികില്‍സക്കെത്തുന്ന  രോഗികളാണ്  ദുരിതമനുഭവിക്കുന്നത്.ആശുപത്രിക്കായി നിലവിലെ കെട്ടിടത്തിനടുത്ത് തന്നെ ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിട്ട്  ഒരുവര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്.  രോഗികളും നാട്ടുകാരും നിരന്തരം അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു തീരുമാനവുമാവാതെ ആശുപത്രിയെ അവഗണിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top