പരാതി നല്‍കാനെത്തിയ യൂത്ത് ലീഗുകാരെ അറസ്റ്റ് ചെയ്ത സംഭവം : കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധംകണ്ണൂര്‍: മേയറെ ഉപരോധിച്ച മുസ്്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. മുസ്‌ലിംലീഗിലെ സി സമീറാണ് വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചത്. ഇതിനകം നിരവധി പ്രതിഷേധങ്ങള്‍ക്ക് കോര്‍പറേഷന്‍ കാര്യാലയം വേദിയായിട്ടുണ്ടെന്നും പരാതികള്‍ സമാധാനപരമായി മേയറെ ധരിപ്പിക്കാനെത്തിയവരെ അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തില്‍ ഭരണസംവിധാനങ്ങളെ വിമര്‍ശിക്കുകയെന്നത് മാധ്യമങ്ങളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും കടമയാണ്. ഇത്തരം വിമര്‍ശനങ്ങളിലൂടെയാണ് ഭരണാധികാരികള്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുക. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ചുമത്തിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. സെക്രട്ടറി ഉള്‍പ്പെടെ കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥര്‍ രാഷ്ട്രീയലക്ഷ്യത്തോടെ പോലിസില്‍ മൊഴി നല്‍കുകയായിരുന്നു. അതിനാല്‍, കേസ് പിന്‍വലിക്കണമെന്നും സംഭവത്തെ യോഗം അപലപിക്കണമെന്നും സമീര്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മേയര്‍ ഗൂഢാലോചന നടത്തിയതായി സ്ഥിരംസമിതി അധ്യക്ഷന്‍ ടി ഒ മോഹനന്‍ ആരോപിച്ചു. വിഷയത്തില്‍ മേയറുടെ പങ്ക് അന്വേഷിക്കണം. പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ മാലിന്യം തള്ളിയ സംഭവം വരെ നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അന്നൊന്നും ഇത്തരത്തില്‍ പ്രതിഷേധക്കാരുടെ പേരില്‍ കേസെടുത്തിരുന്നില്ല. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരക്കാര്‍ പ്രശ്‌നം സൃഷ്ടിച്ചെന്ന വ്യാജാരോപണം ഉന്നയിച്ച സാഹചര്യത്തില്‍ മേയറുടെ ചേംബര്‍ ഉള്‍പ്പെടെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് സി എറമുള്ളാന്‍ ആവശ്യപ്പെട്ടു. അതേസമയം, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ ഇ പി ലത ഉറപ്പുനല്‍കി.

RELATED STORIES

Share it
Top