പരാതി നല്‍കാനെത്തിയ യുവാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

കൊല്ലം: അപകടകരമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ചതിനെതിരേ പരാതി നല്‍കാന്‍ കൊല്ലം ഡിപ്പോയിലെത്തിയ യുവാവിന് മര്‍ദ്ദനവും പോലിസ് കേസും. പള്ളിത്തോട്ടം സ്വദേശി സ്‌റ്റെനി സേവ്യറിനാണ് മര്‍ദ്ദനമേറ്റത്.
കെഎസ്ആര്‍ടിസിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെതിരേ ഈസ്റ്റ് പോലിസ് കേസെടുത്തു. അപകടകരമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ പരാതി നല്‍കാനായിരുന്നു ബസ് പിന്തുടര്‍ന്ന് സ്‌റ്റെനി ഡിപ്പോയില്‍ ബൈക്കില്‍ എത്തിയത്. ഡിപ്പോയ്ക്കുള്ളില്‍ ബൈക്ക് ഓടിച്ച് കയറ്റിയെന്ന് പറഞ്ഞ് ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു.
ബൈക്ക് ചങ്ങല ചുറ്റി പൂട്ടുകയും തുടര്‍ന്ന് പോലിസിലും ഏല്‍പ്പിക്കുകയും ചെയ്തു. താന്‍ നിരപരാധിയാണെന്ന് യുവാവ് ആവര്‍ത്തിച്ചിട്ടും പോലിസ് കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് സ്‌റ്റെനി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പോലിസ് സ്‌റ്റേഷനിലാണ് വരേണ്ടതെന്നായിരുന്നു കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതിക്രമിച്ച കടന്നു, ജോലി തടസപ്പെടുത്തി, ആക്രമിച്ചു തുടങ്ങി പരാതികളാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്‌റ്റെനിയ്‌ക്കെതിരേ പോലിസില്‍ നല്‍കിയത്. അകാരണമായി തന്നെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ് സ്‌റ്റെനിയും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top