പരാതിക്ക് പിന്നില്‍ സിപിഐ നേതാക്കളാണെന്ന് ആരോപണം

ചാവക്കാട്: ചികില്‍സാ ധനസഹായം ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് കമ്മീഷന്‍ ആവശ്യപ്പെട്ടതായി പോലിസിന് നല്‍കിയ പരാതിക്ക് പിന്നില്‍ സിപിഐ പ്രാദേശിക നേതാക്കളാണെന്ന് ആരോപണം.
ഒരുമനയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം പ്രസിഡന്റുമായ കെ ജെ ചാക്കോ ചാവക്കാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ ആരോപണമുന്നയിച്ചത്. വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന രഞ്ജിത്തിന്റെ മാതാവ് ഒരുമനയൂര്‍ വില്യംസ് കുന്തറ വീട്ടില്‍ സുമ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് കുന്നംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.
വാഹനപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിന് ലഭിച്ച ധനസഹായം ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നതിന് കോണ്‍ഗ്രസ് നേതാവായ ചാക്കോ 35,000 രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടതായി ആരോപിച്ചാണ് സുമ പോലിസിന് പരാതി നല്‍കിയിരുന്നത്. എന്നാല്‍ സിപി ഐ പ്രാദേശിക നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തനിക്കെതിരേ ആരോപണവുമായി സുമ രംഗത്തെത്തിയതെന്ന് ചാക്കോ പറഞ്ഞു.
രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ സംബന്ധിച്ച് പത്രത്തില്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വന്‍തുക ലഭിച്ചിരുന്നു. ഈ തുകയില്‍ 1.85 ലക്ഷം രൂപ സുമക്കും രഞ്ജിത്തിനുമൊപ്പം വര്‍ഷങ്ങളായി വീട്ടില്‍ കഴിഞ്ഞിരുന്ന സുബ്രഹ്മണ്യന്‍ എന്നയാള്‍ക്ക്് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ തുകയില്‍ 1.50 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ബാക്കി നല്‍കാനുണ്ടായിരുന്ന 35,000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് ഈ ആരോപണമുന്നയിച്ച് സുമ പോലിസില്‍ പരാതി നല്‍കിയത്. തന്നെ മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും സിപിഐയുടെ രാഷ്ട്രീയ ജീര്‍ണ്ണതയാണ് ഇതിലൂടെ വെളിവാകുന്നതെന്നും ചാക്കോ പറഞ്ഞു. എം എസ് രാമു, വി വി നികേഷ്, ജനാര്‍ദനന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top