പരാതിക്കാരനെ പോലിസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദിച്ചു

ബാലരാമപുരം: പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ യുവാവിനെ പോലിസ് നോക്കിനില്‍ക്കേ സ്‌റ്റേഷനിലിട്ട് ക്രൂരമായി മര്‍ദിച്ചു. ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു അക്രമം. തടയാന്‍ ശ്രമിച്ച എഎസ്‌ഐയ്ക്കും മര്‍ദനമേറ്റു. കഴിഞ്ഞദിവസം രാത്രി 9.30ഓടെ ബാലരാമപുരം പോലിസ് സ്‌റ്റേഷന് മുന്നിലാണ് സംഭവങ്ങള്‍ക്ക് തുടക്കം.
ബിസ്മി ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ബാലരാമപുരം പോസ്‌റ്റോഫിസിന് സമീപം താമസിക്കുന്ന ഷാജിമോനെയും സുഹൃത്ത് അയണിമൂട് പള്ളിവിളാകത്ത് വാടകയ്ക്ക് താമസിക്കുന്ന അല്‍അമീനെയും നാലംഗസംഘം അക്രമിക്കുകയായിരുന്നു. അഞ്ചുവണ്ണത്തെരുവ് കല്ലുവിളാകത്ത് വീട്ടില്‍ എംഎച്ച് ഷാജഹാനും മണലിയില്‍ വീട്ടില്‍ ഇജാസ്, അക്ബര്‍, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചവശനാക്കി എന്നാണ് ഷാജിമോന്റെ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനമേറ്റ് റോഡില്‍കിടന്ന ഷാജിമോനെ പോലിസെത്തി സ്‌റ്റേഷനില്‍ പരാതി നല്‍കി ആശുപത്രിയില്‍ പോവാന്‍ അറിയിച്ചു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തി പരാതി എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ നേമം ഏരിയാ സെക്രട്ടറി സാദിഖലിയും സ്പിന്നിങ് മില്ലിന് സമീപം താമസിക്കുന്ന സക്കീര്‍ ഹുസൈനും എംഎച്ച് ഷാജഹാനും ചേര്‍ന്ന് സ്റ്റേഷനുള്ളില്‍ കയറി ഷാജിമോനെയും അല്‍അമീനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം തടയാന്‍ ശ്രമിച്ച എഎസ്‌ഐയെയും അക്രമിച്ചു. ശേഷം സിപിഎം ഏരിയാ നേതാവിന്റെ നേതൃത്വത്തില്‍ പ്രതികളെ കൊണ്ടുപോയി. മാസങ്ങള്‍ക്ക് മുമ്പ് എംഎച്ച് ഷാജഹാനില്‍ നിന്നു പലിശക്ക് പണം വാങ്ങിയതിനെചൊല്ലി ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഷാജിമോന്റെ പരാതിയെതുടര്‍ന്ന് എംഎച്ച് ഷാജഹാന്റെ വീട്ടില്‍ പോലിസ് കുബേര റൈഡ് നടത്തി മണിലെന്റ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. ഇതിലുള്ള അമര്‍ഷമാണ് ആക്രമണമെന്നാണ് ഷാജിമോന്‍ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പരിക്കേറ്റ ഷാജിമോനും അല്‍അമീനും നെയ്യാറ്റിന്‍കര സ്വാകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
എന്നാല്‍ പോലിസ് പറയുന്നത് ഞായറാഴ്ച എംഎച്ച് ഷാജഹാന്റെ വീട്ടില്‍ പോയി ഷാജിമോനും അല്‍അമീനും ചേര്‍ന്ന് ഷാജഹാന്റെ മക്കളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ഷാജിമോന്റെയും അല്‍അമീന്റെയും പേരില്‍ ബാലരാമപുരം പോലിസില്‍ എംഎച്ച് ഷാജഹാന്‍ പരാതിനല്‍കിയിട്ടുണ്ട്. സ്റ്റേഷനുള്ളില്‍ അതിക്രമിച്ചുകയറി പരാതിക്കാരനെ മര്‍ദിച്ചതിനും പോലിസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസ്സം നിന്നതിനും ഡിവൈഎഫ്‌ഐ നേമം ഏരിയാ സെക്രട്ടറി സാദിഖ് അലി, സക്കീര്‍, എംഎച്ച് ഷാജഹാന്‍ എന്നിവരുടെ പേരിലും കെസെടുത്തു. എംഎച്ച് ഷാജഹാന്റെ വീട്ടിലെത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയതിന് ഷാജിമോന്റേയും അല്‍അമീന്റേയും പേരിലും ബാലരാമപുരം പോലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ ഷാജിമോനെ റോഡിലിട്ട് മര്‍ദിച്ച ഇജാസ്, അക്ബര്‍, ഫൈസല്‍ എന്നിവരുടെ പേരില്‍ കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top