പരാജയ കാരണം തിരഞ്ഞെടുപ്പ് കൃത്രിമം: അബ്ദുല്ല യമീന്‍

മാലെ: ബാലറ്റ് പേപ്പര്‍ സംവിധാനത്തിലെ കൃത്രിമം കാരണമാണ് കഴിഞ്ഞ മാസം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ തനിക്ക് വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതെന്നു സ്ഥാനമൊഴിയേണ്ട മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍. തന്റെ പേരിനു നേര്‍ക്ക് രേഖപ്പെടുത്തിയ വോട്ടുകള്‍ മാഞ്ഞുപോവുന്ന തരത്തിലുള്ള കൃത്രിമം നടന്നതായി അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക രാസവസ്തുക്കളും മഷിയുമാണ് ഉപയോഗിച്ചതെന്നും യമീന്‍ പറഞ്ഞു. എന്നാല്‍, യമീന്റെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു.
കഴിഞ്ഞ മാസം 23ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് യമീന് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുഹമ്മദ് സ്വാലിഹാണ് അട്ടിമറി ജയം നേടിയത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും യമീന്‍ തന്നെയാണ് നിലവിലെ പ്രസിഡന്റ്. തന്റെ കാലാവധി കഴിയുന്ന നവംബര്‍ 17 വരെ അധികാരത്തില്‍ തുടരാനാണ് അബ്ദുല്ല യമീന്റെ തീരുമാനം.
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും പുതിയ സര്‍ക്കാരിന് സ്ഥാനമൊഴിഞ്ഞുകൊടുക്കുമെന്നുമായിരുന്നു യമീന്റെ ആദ്യ പ്രതികരണമെങ്കിലും പിന്നീട് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെതിരേ അദ്ദേഹം സുപ്രിംകോടതിയെ സമീപി—ക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരാതികള്‍ ലഭിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടന്നിരുന്നെന്നു നേരത്തേ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top