പരസ്യ കശാപ്പ് : മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു സസ്‌പെന്‍ഷന്‍കണ്ണൂര്‍: കശാപ്പിനായി കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പൊതുസ്ഥലത്ത് കന്നുകുട്ടിയെ അറുത്ത് ഇറച്ചി വിതരണം ചെയ്ത സംഭവത്തില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് ശറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവര്‍ക്കെതിരേയാണു നടപടി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് ഇവരെ സംഘടനയില്‍നിന്ന് പുറത്താക്കിയത്. ഇവരുടെ കോണ്‍ഗ്രസ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ എം എം ഹസനും അറിയിച്ചു. മാടിനെ പരസ്യമായി കശാപ്പു ചെയ്ത സംഭവത്തെ ബുദ്ധിശൂന്യവും പ്രാകൃതവുമായ നടപടിയെന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ മാറ്റ് കുറയ്ക്കാന്‍ കണ്ണൂരിലെ സംഭവം കാരണമായെന്ന് എം എം ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍, സംഘപരിവാരത്തിന്റെ വര്‍ഗീയ ഫാഷിസം അടുക്കളയില്‍ പ്രവേശിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധം നടത്തും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച വൈകീട്ടാണ് കണ്ണൂര്‍ സിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടിനെ അറുത്ത് പ്രതിഷേധിച്ചത്. ടെംപോയിലെത്തിച്ച 15 കിലോ ഭാരമുള്ള കന്നുകുട്ടിയെ അതേ വാഹനത്തില്‍ വച്ചുതന്നെ കശാപ്പ് ചെയ്ത് ഇറച്ചി വിതരണം ചെയ്യുകയായിരുന്നു. യുവമോര്‍ച്ചയുടെ പരാതിയില്‍ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കണ്ണൂര്‍ സിറ്റി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, സംഘപരിവാരത്തിനെതിരേ പോരാട്ടം തുടരുമെന്നും പാര്‍ട്ടിയുടെ തീരുമാനം ചങ്കൂറ്റത്തോടെ അംഗീകരിക്കുന്നുവെന്നും മൂവരും പറഞ്ഞു.

RELATED STORIES

Share it
Top