പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തില്ല; പകരം സ്ഥിരമായി സ്ഥാപിക്കാന്‍ നീക്കം

പെരുമ്പാവൂര്‍. ടൗണിന്റെ ഹൃദയഭാഗത്ത് സാന്‍ജോ ആശുപത്രിക്ക് എതിര്‍വശം എ.എം റോഡില്‍ നിന്നും വടക്കോട്ട് പോകുന്ന പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിന് സമീപം സ്ഥിതിചെയ്യുന്ന മാടപ്പറമ്പില്‍ സ്‌ക്വയറില്‍ അനധിക്യതമായി സ്ഥാപിച്ച പരസ്യബോര്‍ഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി അവഗണിച്ചു.
സ്‌ക്വയറിലെ കച്ചവടക്കാരും സ്‌ക്കൂള്‍ അധികൃതരും മുനിസിപ്പാലിറ്റിക്ക് നല്‍കിയ പരാതി പരിഗിണിക്കാതെയാണ് അധികൃതരുടെ ഒത്താശയോടെ ബോര്‍ഡ് സ്ഥിരമായി സ്ഥാപിക്കാന്‍ പരസ്യ കമ്പനി നീക്കം നടത്തുന്നതായി പരാതി. കെട്ടിട ഉടമയോ കച്ചവടക്കാരോ അറിയാതെ ടണ്‍ കണക്കിന് ഭാരമുള്ള ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച നൂറ് കണക്കിന് സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തിലുള്ള   കൂറ്റന്‍പരസ്യ ബോര്‍ഡ് സ്ഥാപിച്ച നടപടി അന്ന് തന്നെ വാര്‍ത്തയായിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കവും ബലക്ഷയമുള്ളതുമായ  ഈ കെട്ടിടത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ  മൂന്നാമത് ഒരു നില കൂടി സ്ഥാപിച്ചതിന്റെ ബലക്ഷയവും, നിര്‍മ്മാണത്തിലെ അപാകതയും  അടുത്ത കാലത്ത് ഈ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ കത്തി നശിച്ച് കെട്ടിടത്തിന്റെ നില നില്‍പ്പ് തന്നെ അപകടാവസ്ഥയിലാവുകയും ചെയ്തു.
കൂടാതെ ഫയര്‍ ഫോഴ്‌സിന്റെയും കെഎസ്ഇബിയുടെയും പ്രത്യേക നിരീക്ഷണത്തില്‍ പോകുന്ന ഈ  കെട്ടിടത്തിലാണ്  കാറ്റടിച്ചാല്‍ വീഴാന്‍ പാകത്തിന് ടണ്‍കണക്കിന് ഭാരമുള്ള കൂറ്റന്‍ ബോര്‍ഡ്  സണ്‍ഷേയ്ഡിനോട് ചേര്‍ന്ന്  സ്ഥാപിച്ചിട്ടുള്ളത്.
തൊട്ടടുത്ത് നൂറ് കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂള്‍ കെട്ടിടവും ബോര്‍ഡിനോട് ചേര്‍ന്ന് പോകുന്ന ഇലവണ്‍ കെവി ലൈനും വിലനല്‍കാതെയാണ് അനധികൃത പ്രവര്‍ത്തനം നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ് എത്രയും വേഗം എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌ക്വയറിലെ ഇരുപത്തഞ്ചോളം  കച്ചവടക്കാര്‍ ഒപ്പിട്ട നിവേദനം മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയത്.
തുടര്‍ന്ന് മുനിസിപ്പല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ സംഗതി ഗൗരവമുള്ളതാണെന്ന് കണ്ടെത്തുകയും 14 ദിവസത്തിനകം ബോര്‍ഡ് എടുത്ത് മാറ്റണമെന്ന് കാണിച്ച് പരസ്യ കമ്പനിക്ക് നോട്ടീസ് നല്‍കുകയുമുണ്ടായി. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ബോര്‍ഡ് മാറ്റാത്തതിനെ തുടര്‍ന്ന് അന്വേഷണവുമായി അധികാരികളെ സമീപിച്ചപ്പോഴാണ് മാടപ്പറമ്പില്‍ സ്‌ക്വയറില്‍ കടമുറിപോലുമില്ലാത്ത ചിലരുടെ ഒത്താശയോടെ ബോര്‍ഡ് സ്ഥാപിക്കാന്‍ പരസ്യ ഉടമ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയതായി അറിയുന്നത്.
ഈ നീക്കത്തിന് പിന്നില്‍ മുനിസിപ്പല്‍ അധികാരികളുടെ സഹായമുള്ളതായും സംശയിക്കുന്നതായി ഇവര്‍ ആരോപിക്കുന്നു. നൂറ് കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ബോര്‍ഡ് എത്രയും വേഗം നീക്കംചെയ്യണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

RELATED STORIES

Share it
Top