പരസ്പരം പഴിചാരി പഞ്ചായത്തും ജലനിധിയും; നട്ടംതിരിഞ്ഞ് നാട്ടുകാര്‍

അഞ്ചുകുന്ന്: കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മേഖലയ്ക്ക് ആശ്വാസമായി വിഭാവനം ചെയ്ത അഞ്ചുകുന്ന് ജലനിധി കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല. പരസ്പരം പഴിചാരി പഞ്ചായത്തും ജലനിധി പ്രവര്‍ത്തകരും തടിയൂരാന്‍ ശ്രമിക്കുമ്പോള്‍ വെട്ടിലായതു നാട്ടുകാര്‍. ജലനിധി സഹായ സംഘടനയായ മിററിന്റെ നേതൃത്വത്തില്‍ 2014ലാണ് പദ്ധതി തുടങ്ങിയത്. 645 കോടിയാണ് മുതല്‍മുടക്ക്. കുണ്ടാല, കാക്കാംചിറകുന്ന്, അഞ്ചുകുന്ന്, പാലുകുന്ന്, മാനാഞ്ചിറ, മുക്കം, ഒന്നാംമൈല്‍ തുടങ്ങി പഞ്ചായത്തിലെ പത്ത് വാര്‍ഡുകളിലെ 1,531 കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി കണ്ടെത്തിയത്. ഇതിനായി കൊയിലേരി പുഴയില്‍ കിണറും സ്‌കൂള്‍കുന്നില്‍ അഞ്ചുകുന്ന് സ്‌കൂള്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് രണ്ടര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും നിര്‍മിച്ചു. എന്നാല്‍, പദ്ധതിക്കായി ഇറക്കിയ പൈപ്പുകള്‍ ഇടുന്നതിനോ ബാക്കി പണി പൂര്‍ത്തീകരിക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പൊതു വിഭാത്തിലെ ഗുണഭോക്താക്കള്‍ ഗുണഭോക്തൃവിഹിതമായി 4,100 രൂപയും പട്ടികവിഭാഗക്കാര്‍ പഞ്ചായത്ത് വിഹിതം കഴിച്ച് 600 രൂപയും അടച്ചിരുന്നു. എന്നാല്‍, പഞ്ചായത്ത് പണം അടച്ചില്ലെന്നു ജലനിധിയും അടച്ചെന്നു പഞ്ചായത്തും പറയുന്നു. പഞ്ചായത്തിന്റെ വിഹിതം അടച്ചില്ലെന്നാണ് നാട്ടുകാരും പറയുന്നത്. കഴിഞ്ഞ ഡിസംബര്‍ 31നു മുമ്പായി പദ്ധതി കമ്മിഷന്‍ ചെയ്യുമെന്നു നടത്തിപ്പുകാര്‍ ഉറപ്പ് നല്‍കിയിട്ടും ഇതുവരെ പാലിച്ചില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ഗുണഭോക്തൃ വിഹിതമായി ജനറല്‍ വിഭാഗത്തില്‍ നിന്ന് 8,41,571 രൂപയും എസ്‌സി, എസ്ടി ഗുണഭോക്തൃ വിഹിതമായി പഞ്ചായത്ത് 6,08,376 രൂപയും അടയ്ക്കാത്തതും ട്രഷറി നിയന്ത്രണം മൂലം കരാറുകാര്‍ക്ക് പണം കൊടുക്കാന്‍ കഴിയാത്തതുമാണ് പദ്ധതിക്ക് തിരിച്ചടിയായതെന്നു ജലനിധി പ്രവര്‍ത്തകര്‍ പറഞ്ഞു. 28 സമിതികളില്‍ ആറു സമിതികള്‍ മാത്രമേ നൂറുശതമാനം തുക അടച്ചിട്ടുള്ളൂവെന്നും ഇതാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


.

RELATED STORIES

Share it
Top