പരസ്പരം ചളിവാരിയെറിഞ്ഞ് സിപിഎമ്മും സിപിഐയും

പൊന്നാനി: പൊന്നാനി നഗരസഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരി സിപിഐയും, സിപിഎമ്മും. തോല്‍വിക്ക് പൂര്‍ണ്ണ ഉത്തരവാദി സിപിഎമ്മെന്ന് സിപിഐ. സിപിഐ യുഡിഎഫിനെ പരസ്യമായി സഹായിച്ചുവെന്ന് സിപിഎമ്മും.
പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കലിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ആഘാതം മാറുംമുമ്പേയാണ് സിപിഎമ്മിനെ പരസ്യമായി കുറ്റപ്പെടുത്തി സിപിഐ രംഗത്തിറങ്ങിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വെളിവായതും ഉപതിരഞ്ഞെടുപ്പിലായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും, സിപിഐയും ഇരു ദ്രുവങ്ങളിലായാണ് പ്രവര്‍ത്തിച്ചത്. മുന്നണി സംവിധാന മര്യാദയനുസരിച്ച് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലോ, മറ്റു തെരഞ്ഞെടുപ്പ് പ്രചാരണ പ്രകൃയയിലോ തങ്ങളെ സിപിഎം നേതൃത്വം ക്ഷണിച്ചില്ലെന്ന് സിപിഐ നഗരസഭാ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എ കെ ജബ്ബാര്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും സിപിഎമ്മിനും, നഗരസഭാ ചെയര്‍മാനുമാണെന്നും ജബ്ബാര്‍ ആരോപിച്ചു.
എന്നാല്‍ പ്രചാരണത്തിനു മുമ്പുതന്നെ സിപിഐ പരസ്യമായി യുഡിഎഫിനെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും, മുന്നണി മര്യാദകള്‍ ഒട്ടും പാലിക്കാതെയാണ് പ്രവര്‍ത്തിച്ചതെന്നും സിപിഎം പൊന്നാനി ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ദീന്‍ പറഞ്ഞു. പൊന്നാനിയില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ സിപിഐ, സിപിഎം ഭിന്നത രൂക്ഷമാണ്.
ഭരണ സമിതി അധികാരത്തിലേറിയതു മുതല്‍ നഗരസഭയിലെ പ്രതിപക്ഷത്തിന്റെ റോളിലാണ് സിപിഐ കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഇടതു മുന്നണിയില്‍ പല തവണ ചര്‍ച്ചകള്‍ക്ക് വഴിവച്ചെങ്കിലും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ നീണ്ടുപോവുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ സിപിഐ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങിയത് എല്‍ഡിഎഫില്‍ വലിയ ഒച്ചപ്പാടുകള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ പോലും കൂടെ നില്‍ക്കാത്തവരുമായി ഒത്തു പോകേണ്ടതില്ലെന്ന ആവശ്യവും ശക്തമാണ്.

RELATED STORIES

Share it
Top