പരസ്പരം അകന്നുകഴിയുമ്പോഴും ഭര്‍ത്താവിന്റെ സ്‌നേഹം കൊതിച്ച ഭാര്യയായിരുന്നു ഭാനുമതി ടീച്ചര്‍

തൃശൂര്‍: കാവ്യ ജീവിതവും കുടുംബ ജീവിതവും തമ്മിലുള്ള ആത്മസംഘര്‍ഷത്തിന്റെ ഇടനാഴിയില്‍ ജീവിതം കൊഴിച്ചിട്ടുപോയ വൈലോപ്പിള്ളി ശ്രീധരമേനോനെന്ന ഭര്‍ത്താവിന്റെ സ്‌നേഹം കൊതിച്ച ഭാര്യയായിരുന്നു ഭാനുമതി ടീച്ചര്‍.
പരസ്പരം അകന്നുകഴിയുമ്പോഴും കാവ്യഭാവനകളുടെ ഉള്ളം കനക്കുന്ന വരികളില്‍ പ്രിയതമയുമൊത്തുള്ള ഓര്‍കമള്‍ വരിച്ചിട്ട നല്ല പാതിയായിരുന്നു വൈലോപ്പിള്ളിയെങ്കിലും രണ്ടുപേരും തമ്മിലുള്ള അകല്‍ച്ച ജീവിതത്തില്‍ നിഴലിച്ചുനിന്നിരുന്നു.
നല്ലങ്കരയില്‍ താമസിക്കുമ്പോള്‍ താണിക്കുടം അമ്പലത്തിലേക്ക് തൊഴാന്‍ പോകുമ്പോഴുണ്ടായ അനുഭവം വരച്ചിട്ട “കണ്ണീര്‍പ്പാടമെന്ന’ പ്രശസ്ത കവിത യഥാര്‍ഥ സംഭവത്തിന്റെ ആവിഷ്‌ക്കാരമാണെന്ന് വിശ്വസിക്കുമ്പോഴും ഒരിക്കലെങ്കിലും ഉള്ളിലുള്ള കാര്യം തുറന്നുപറഞ്ഞിരുന്നെങ്കില്‍ തമ്മിലുള്ള അകല്‍ച്ചകുറയുമായിരുന്നെന്ന് ജീവിതാന്ത്യം വരെ ഭാനുമുതി ടീച്ചര്‍ വിശ്വസിച്ചിരുന്നു. ടീച്ചറുമായി അകന്ന് ദേവസ്വം കോര്‍ട്ടേഴ്‌സില്‍ ഒറ്റക്ക് താമസിക്കുമ്പോള്‍പോലും അവിടെ പോകുമായിരുന്നു. അവിടെ ചെല്ലുന്നത് ഇഷ്ടമല്ലായിരുന്നു. കാര്യങ്ങളെല്ലാം ഒറ്റക്ക് ചെയ്യാനായിരുന്നു കവിക്കിഷ്ടം. അതേസമയം ജീവിതം പ്രതീക്ഷാ നിര്‍ഭരമായി കണ്ടുകൊണ്ടുള്ള വരികളെഴുതുമ്പോഴും ജീവിത്തിലൊന്ന്, വരികളില്‍ മറ്റൊന്ന് എന്നത് കണ്ട് ഏറെ അത്ഭുതം കൂറിയിരുന്നു.
“”കണ്ണീര്‍പ്പാടമെന്ന കവിതയില്‍ നൂറു നൂറിഴ കൂട്ടിപ്പിരിച്ച കയര്‍പോലായ/ നീരൊഴുക്കെന്നെ പിടിച്ചു മുറിക്കവെ/ വിതുമ്പിത്തുളുമ്പും നിന്‍ മിഴിയില്‍ കണ്ടേന്‍/ ക്രൂരമൃതിയെ ദ്രവിപ്പിക്കും സ്‌നേഹത്തിന്നഗാധത!’’ എന്നെഴുതിയത് വായിക്കുമ്പോള്‍ പലപ്പോഴും കണ്ണുനിറഞ്ഞിരുന്നതായി ഭാനുമതിടീച്ചര്‍ എപ്പോഴും ഓര്‍ത്തിരുന്നു.അതേസമയം പ്രിയകവിയുടെ ഓര്‍മ്മക്കായി നല്‍കിയ ഭൂമി നഷ്ടപ്പെട്ട വേദനയിലാണ് ഭാനുമതി ടീച്ചറുടെ വിടവാങ്ങല്‍. മനസിലെ നന്മ ടീച്ചര്‍ക്ക് നഷ്ടപ്പെടുത്തിയത് അമ്പത്തിയേഴര സെന്റ് ഭൂമിയാണ്. ചെയ്ത നന്മയെ ഓര്‍ത്ത് ടീച്ചര്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നു. ആറാംകല്ലിലുള്ള ഭൂമി പെന്‍ഷനേഴ്—സ് സംഘടനയായ കെ.എസ്.എസ്.പി.യുവിന് വൃദ്ധസദനത്തിനായാണ് ടീച്ചര്‍ നല്‍കിയത്. എന്നാല്‍ ദാനാധാരത്തില്‍ കെ.എസ്.എസ്.പി.യു ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി എന്നാണ് എഴുതിചേര്‍ക്കപ്പെട്ടത്. തുടര്‍ന്ന് ഈ പേരില്‍ ഒരു സംഘടന ഉണ്ടാകുകയും അതിലുള്ളവര്‍ ഭൂമിയുടെ അവകാശികളായി മാറുകയും ചെയ്തു. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരമാണ് സംഘടന ഉണ്ടാക്കിയത്. 1999ലാണ് സംഭവം.
ചതി മനസിലാക്കിയ ടീച്ചര്‍ പരാതി നല്‍കി. ഭൂമി ഏറ്റെടുത്തതില്‍ തട്ടിപ്പ് നടന്നതായി സാമൂഹ്യനീതി വകുപ്പ് കണ്ടെത്തിയിരുന്നു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് നിര്‍ദ്ദേശിച്ചെങ്കിലും അതുണ്ടായില്ല. വൃദ്ധസദനത്തിനായി നല്‍കിയ ഭൂമിയില്‍ ലോഡ്ജ് പ്രവര്‍ത്തിക്കുന്നതായാണ് പിന്നീട് കണ്ടെത്തിയത്. നിയമത്തിന്റെ വഴിയെ ടീച്ചര്‍ നീങ്ങിയെങ്കിലും രേഖകള്‍ ഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് അനുകൂലമായിരുന്നു. സമൂഹ നന്മയ്ക്കായി നല്‍കിയ ഭൂമി ചിലരുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചതിലെ വേദനയോടെയാണ് ടീച്ചറുടെ വിടവാങ്ങല്‍.

RELATED STORIES

Share it
Top