പരവൂരിലെ കൂട്ട ആത്മഹത്യാ ശ്രമം; ഒരു മരണം കൂടികൊല്ലം: പരവൂരില്‍ വ്യാപാരിയുടെയും സംഘത്തിന്റെയും ആക്രമണത്തെ തുടര്‍ന്ന് കൂട്ടആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും മരിച്ചു. നെടുങ്ങോലം എംഎല്‍എ ജങ്ഷനില്‍ വട്ടവിള വീട്ടില്‍ അഞ്ജു ചന്ദ്രനാ(18)ണ് ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പരവൂര്‍ കമ്പോളത്തിലെ അരി വ്യാപാരകേന്ദ്രത്തിലെ ജീവനക്കാരനായ ബാലചന്ദ്രന്‍(45), ഭാര്യ സുനിത, മകള്‍ അഞ്ജു ചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 13ന് രാവിലെ അയല്‍വാസികളാണ് മൂവരേയും ആശുപത്രിയിലെത്തിച്ചത്. അന്ന് ഉച്ചയോടെ ബാലചന്ദ്രന്‍ മരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ബാലചന്ദ്രന്റെ മൃതദേഹം ഇന്നലെ രാവിലെ 11ഓടെ സംസ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് മകളുടെ മരണം. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്നലെ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സുനിതയും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അരി മൊത്തവ്യാപാര സ്ഥാപന ഉടമ പരവൂര്‍ കൂനയില്‍ രേവതി വീട്ടില്‍  രാജേന്ദ്രന്‍ (60), മക്കളായ അരുണ്‍ രാജ് (30), അതുല്‍രാജ് (28), കടയിലെ ജീവനക്കാരായ പൂതക്കുളം കലക്കോട് ഷാലു ഭവനില്‍ മോഹനന്‍ (38), പൂതക്കുളം കലയ്‌ക്കോട് രേവതി വീട്ടില്‍ രാജന്‍ (50), പൂതക്കുളം ഞാറക്കോട് പുരയിടം വീട്ടില്‍ കൃഷ്ണകുമാര്‍ (36), അതുല്‍രാജിന്റെ സുഹൃത്തുക്കളായ ഒഴുകുപാറ മഹി നിവാസില്‍ വീട്ടില്‍ മനു (27), തഴുത്തല പേരയം കാര്‍ത്തിക വീട്ടില്‍ രഞ്ജിത്ത് (23) എന്നിവര്‍ റിമാന്‍ഡിലാണ്. കടയില്‍ നിന്നും പണം മോഷ്ടിച്ചു എന്ന് ആരോപിച്ച് ജൂണ്‍ ആറിന് ബാലനെ രാത്രി 8.30ഓടെ കട ഉടമ രാജേന്ദ്രനും മക്കളും ചേര്‍ന്ന് വീട്ടില്‍ നിന്ന് പിടിച്ചിറക്കി കാറില്‍ കയറ്റി രാജേന്ദ്രന്റെ വീട്ടില്‍ എത്തിച്ചിരുന്നു. അവിടെ വച്ച് രാജേന്ദ്രന്റെ തൊഴിലാളികളായ രാജനും മോഹനനും ചേര്‍ന്ന് ബാലനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു.കുറ്റം സമ്മതിച്ച ബാലന്‍ അതുലിനോടും അരുണിനോടും വീട്ടിലെത്തി 1,80,000 രൂപ എടുത്തുകൊടുത്തു. ബാക്കി പണം വേണമെന്ന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ബാലന്‍ വര്‍ക്കലയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തുടര്‍ന്ന് കടയില്‍ എത്താതിരുന്ന ബാലനെ 12ന് രാജേന്ദ്രന്റെ മക്കളായ അതുല്‍ രാജും അരുണ്‍രാജും കുമാറും മോഹനനും കാറില്‍ കയറ്റി കടയില്‍ കൊണ്ടുവന്ന് മര്‍ദിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും പോലിസ് സ്റ്റേഷനില്‍ എത്തുകയും പരാതി പറഞ്ഞ് തീര്‍ക്കുകയും ചെയ്തതായി എസ്‌ഐയെ അറിയിച്ചശേഷം വീട്ടിലേക്ക് പോവുകകയായിരുന്നു. അന്നുരാത്രി ബാലന്റെ വീട്ടിലെത്തി മനു വീണ്ടും ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്താണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. ബേക്കറിയിലെ കേക്കില്‍ എലിവിഷവും ഐസ്‌ക്രീമും ചേര്‍ത്ത് കുഴച്ച് മൂന്നുപേരും കഴിക്കുകയായിരുന്നു.

RELATED STORIES

Share it
Top