പരമ്പര പിടിക്കാന്‍ ഇന്ത്യ; ബേസില്‍ തമ്പി കളിക്കാനിടയില്ലഇന്‍ഡോര്‍: ഇന്ത്യ ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് ഇന്‍ഡോറില്‍ നടക്കും. ആദ്യ മല്‍സരത്തില്‍ അനായാസ വിജയം നേടിയ കരുത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആശ്വാസ പരമ്പര കൈയെത്തിപ്പിടിക്കാനുറച്ചാവും ലങ്ക ഇറങ്ങുക.സ്പിന്‍ കരുത്തില്‍ ഇന്ത്യകട്ടക്കില്‍ നടന്ന ആദ്യ ട്വന്റി20 മല്‍സരത്തില്‍ 93 റണ്‍സിന്റെ വിജയമാണ് ഇന്ത്യ അക്കൗണ്ടിലാക്കിയത്. ഇന്ത്യയുടെ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയം കൂടിയാണ് കട്ടക്കില്‍ രോഹിത് ശര്‍മയുടെ നായകത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. മികച്ച ബാറ്റിങ് തന്നെയാണ് ഇന്ത്യ പുറത്തെടുത്തതെങ്കിലും ആദ്യ മല്‍സരത്തില്‍ കൈയടി നേടിയത് ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരാണ്. രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയെയും പുറത്തിരുത്തി പകരക്കാരായി ടീമിലെത്തിയ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും അവസരം നന്നായി മുതലെടുത്തു. ഇരുവരും ചേര്‍ന്ന് ആറ് ലങ്കന്‍ വിക്കറ്റുകള്‍ പിഴുതതാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഇന്‍ഡോറിലും സ്പിന്‍ കരുത്തില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. നാല് വിക്കറ്റുമായി ആദ്യ മല്‍സരത്തിലെ കളിയിലെ താരമായ ചാഹല്‍ ഈ വര്‍ഷം ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോഡും സ്വന്തമാക്കി. ഈ സീസണില്‍ 18 വിക്കറ്റുകളാണ് ചാഹല്‍ സ്വന്തമാക്കിയത്. അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍ (17), വിന്‍ഡീസ് താരം കെസ്‌റിക് വില്യംസ് (17), ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ (14), പാകിസ്താന്റെ ഷദാബ് ഖാന്‍ (14) എന്നിവരാണ് ഈ നേട്ടത്തില്‍ ചാഹലിന് പിന്നിലുള്ളത്. എട്ട് മല്‍സരങ്ങളില്‍ നിന്നാണ് ചാഹല്‍ 18 വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയത്. ബാറ്റിങ് നിരയില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഓപണിങ്ങിലെത്തിയ കെ എല്‍ രാഹുല്‍ മികച്ച ഫോമിലാണുള്ളത്. രോഹിത് ശര്‍മയും മനീഷ് പാണ്ഡെയും എംഎസ് ധോണിയും ദിനേഷ് കാര്‍ത്തികും ഹര്‍ദിക് പാണ്ഡ്യയും  ഉള്‍പ്പെടുന്ന മധ്യനിരയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കട്ടക്കില്‍ നടന്ന മല്‍സരത്തില്‍ 17 റണ്‍സ്  നേടിയതോടെ  വിരാട് കോഹ്‌ലിക്ക് ശേഷം ട്വന്റി20 യില്‍  1500 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി രോഹിത് മാറി. കോഹ്‌ലിക്ക് 1956 റണ്‍സാണുള്ളത്. ട്വന്റിയിലെ റണ്‍വേട്ടക്കാരില്‍ മുന്‍ ന്യൂസിലന്‍ഡ്  ക്യാപ്റ്റനും വെടിക്കെട്ട്ഓപണറുമായ ബ്രണ്ടന്‍  മക്കല്ലമാണ് മുന്നില്‍. 35.66 ശരാശരിയില്‍ 2140 റണ്‍സാണ് മക്കല്ലത്തിന്റെ സമ്പാദ്യം.കട്ടക്കിലെ ഒന്നാം ട്വന്റിയിലൂടെ ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ധോണി സ്വന്തമാക്കിയിരുന്നു.  74 താരങ്ങളെ ഗാലറിയിലേക്ക് മടക്കിയ ധോണി ഈ നേട്ടത്തില്‍ 72 പേരെ പുറത്താക്കിയ ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്‌സിനെയാണ് മറികടന്നത്.

ആശ്വസിക്കാന്‍ ഒന്നുമില്ലാതെ ലങ്ക

സ്വന്തം നാട്ടില്‍ നാണം കെടുത്തിയതിന് പകരം വീട്ടണമെന്ന മോഹവുമായി ഇന്ത്യയിലേക്ക് വണ്ടികയറിയ ലങ്കന്‍ ടീമിന് ആശ്വസിക്കാന്‍ ഒന്നുമില്ല. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റിയിലും ഒന്നുപൊരുതാന്‍ പോലും ശ്രമിക്കാതെ കീഴടങ്ങുന്ന ലങ്കന്‍ ടീമിന്റെ പ്രധാന തലവേദന ബാറ്റിങ് നിരയാണ്. എയ്ഞ്ചലോ മാത്യൂസും ഡിക്‌വെല്ലയും കുശാല്‍ പെരേരയും ഉപുല്‍ തരംഗയും ഉള്‍പ്പെടുന്ന ബാറ്റിങ്  നിര ഇന്‍ഡോറിലും ലങ്കയെ ചതിച്ചാല്‍ ട്വന്റി പരമ്പരയും  സന്ദര്‍ശകര്‍ക്ക് നഷ്ടമാവും.  ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും അവസാന ഓവറുകളില്‍ റണ്‍റേറ്റ് കുറക്കുന്നതില്‍ പരാജയപ്പെടുന്നതും ലങ്കയ്ക്ക് തിരിച്ചടി നല്‍കുന്നു.  മൂന്ന് മല്‍സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലാണ്.

RELATED STORIES

Share it
Top