പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന്

തൃക്കരിപ്പൂര്‍: തെക്കന്‍ കേരളത്തില്‍ നിന്ന് ഉപജീവനം തേടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയിലെത്തിയ മല്‍സ്യത്തൊഴിലാളികളെ മാടക്കാല്‍ ഭാഗത്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മീന്‍ പിടുത്തവുമായി ഇവിടെ തങ്ങുന്ന തങ്ങളെ ഏതാനും ചില ആളുകള്‍ ജോലിചെയ്യാനോ ജീവിക്കണോ അനുവദിക്കുന്നില്ല. കവ്വായിക്കായലില്‍ ചെമ്മീന്‍ കിട്ടുന്ന സമയത്താണ് അക്രമം അരങ്ങേറുന്നത്.
നിരോധിത വല ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് വലയും വള്ളവും പോലിസിനെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നു. ഏതാനും മാസങ്ങളായി പോലിസ് സ്‌റ്റേഷനില്‍ ആയിരുന്ന വലകള്‍ കഴിഞ്ഞ ദിവസമാണ് തിരികെ ലഭിച്ചത്.
പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് പോലിസ് സംരക്ഷണം ലഭ്യമാക്കിയെങ്കിലും പോലിസും സഹായിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. മാടക്കാല്‍, ഉടുമ്പുന്തല, വയലോടി മേഖലകളിലാണ് പ്രശ്‌നം.  പരമ്പരാഗത വലകളാണ് ഉപയോഗിക്കുന്നത്.
മാടക്കാല്‍ സ്വദേശിയാണ് പ്രധാനമായും ആട്ടിയോടിക്കാന്‍ നേതൃത്വം നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. തദ്ദേശിയര്‍ തോണിയിലിരുന്ന് മീന്‍ പിടിക്കുമ്പോള്‍ ഇവര്‍ പുഴയിലിറങ്ങിയാണ് പിടിക്കുന്നത് .അത് കൊണ്ട് തന്നെ ലഭിക്കുന്ന മല്‍സ്യത്തിന്റെ അളവും താരതമ്യേന കുടും.
പുഴയിലിറങ്ങി  മീന്‍ പിടിക്കുമ്പോള്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയാണ്. ഫിഷറീസ് ഡെപ്യൂട്ടി ഡയക്ടര്‍ പോലും അനുകൂല സമീപനം സ്വീകരിക്കുന്നില്ലെന്നും പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണകള്‍ താഴേക്കിടയിലുള്ളവര്‍ നിരന്തരം ലംഘിക്കുകയാണെന്ന് കൊല്ലം കുണ്ടറ സ്വദേശികളായ ജോയിക്കുട്ടി ജോര്‍ജ്, സാബു സക്കറിയ, ജി വിജയന്‍, വി രാജന്‍, തോമസ് ആന്റണി, ഷാജി ജോസഫ് പറഞ്ഞു.

RELATED STORIES

Share it
Top