പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും

മലപ്പുറം: ജില്ലയില്‍ ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഇതിനായി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. 1956 ലെ ദേശീയപാത ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുക. അതേസമയം, ഭൂമിയുടെയും മറ്റും നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത് 2013 ലെ ഭൂമി എറ്റെടുക്കലും പുന:രധിവാസ നിയമ പ്രകാരവുമാണ്.
പരാതി നല്‍കുന്നവരെ നേരില്‍ കേട്ടതിനുശേഷം മാത്രമെ പരാതിയില്‍ അന്തിമതീരുമാനം എടുക്കൂ. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥന്റെ നടപടി അന്തിമമായിരിക്കും. സര്‍വേ പ്രവര്‍ത്തനങ്ങളും ഹിയറിങും പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ 3ഡി പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.
ഏറ്റെടുക്കുന്ന ഭൂമിക്ക് സമാനമായി അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ത്രിഎ വിജ്ഞാപനം വന്ന തിയ്യതിക്ക് മുമ്പ് മൂന്ന് വര്‍ഷത്തെ ഭൂമി കൈമാറ്റ വില പരിശോധിച്ച് ഏറ്റവും കൂടുതല്‍ വില കാണിച്ച അഞ്ച് ആധാരങ്ങളിലെ ശരാരി വിലയാണ് നിയമ പ്രകാരം വിപണി വിലയായി നല്‍കുക. നഗര പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ ഗുണന ഘടകം ഒന്നായിരിക്കും. ഗ്രാമ പ്രദേശങ്ങളില്‍ നഗരാതിര്‍ത്തിയില്‍ നിന്നുള്ള ദൂരം അനുസരിച്ച് ഗുണന ഘടകം 1.2 മുതല്‍ രണ്ടു വരെയായിരിക്കും. ഇതിനു പുറമെ കെട്ടിടങ്ങളുടെയും കാര്‍ഷിക വിളകളുടെയും വിലയും സ്വാന്തന പ്രതിഫലം കൂടി കൂട്ടിയാണ് നഷ്ടപരിഹാരം കണക്കാക്കുക. പുറമെ ഭൂമി വിലയില്‍ വിജ്ഞാപനം വന്ന ദിവസം മുതല്‍ നഷ്ടപരിഹാരം നല്‍കുന്ന തിയ്യതി വരെയുള്ള ദിവസങ്ങള്‍ക്ക് 12 ശതമാനം വാര്‍ഷിക നിരക്കില്‍ വര്‍ധനയും നല്‍കുന്നതാണ്.
കെട്ടിടങ്ങളുടെ വില നിര്‍ണയിക്കുമ്പോള്‍ കാലപ്പഴക്കം പരിഗണിക്കാതെ നിലവിലെ പൊതുമരാമത്ത് നിരക്ക് പ്രകാരം കെട്ടിടം നിര്‍മിക്കുന്നതിനുള്ള തുകയാണ് നല്‍കുക. ഇതിനുപുറമെ 100 ശതമാനം സാന്ത്വന പ്രതിഫലവും നല്‍കും. ഉദാഹരണമായി, നഗരാതിര്‍ത്തിയില്‍ (നഗരസഭയുടെ ബോര്‍ഡര്‍)നിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരെയുള്ള ഒരു സെന്റ് ഭൂമിക്ക് മുകളില്‍ സൂചിപ്പിച്ച പ്രകാരം വിപണിവില 10 ലക്ഷവും, പ്രദേശത്ത് 30 ലക്ഷം രൂപയുള്ള കെട്ടിടവും ഒരു ലക്ഷം രൂപയുടെ കാര്‍ഷികവിളവും ഉണ്ടെന്നിരിക്കട്ടെ. പ്രസ്തുത കേസില്‍ വിപണി വിലയായ 10 ലക്ഷത്തെ ഗുണന ഘടകമായ 1.2 കൊണ്ട് ഗുണിക്കുമ്പോള്‍ 12 ലക്ഷം ലഭിക്കും. പ്രസ്തുത തുകയോട് കെട്ടിട വിലയായ 30 ലക്ഷവും കൃഷിവിളവുകളുടെ വിലയായ ഒരു ലക്ഷവും കൂട്ടുമ്പോള്‍ 43 ലക്ഷം രൂപ ലഭിക്കുന്നതാണ്.
ആയതിന്റെ 100 ശതമാനം സമാശ്വാസ സഹായം കൂടിയാവുമ്പോള്‍ 86 ലക്ഷമാവും. ഈ തുക ലഭിക്കുന്നത് 3എ വിജ്ഞാപനം വന്ന് ആറു മാസം കഴിഞ്ഞാണങ്കില്‍, വിപണിവിലയായ 10 ലക്ഷത്തിന് 60,000 രൂപ വര്‍ധനയും അനുവദിക്കും. ഇത്തരത്തില്‍ മൊത്തമായി 86,60,000 രൂപ നഷ്ടപരിഹാരം ലഭിക്കും. ഒരു കെട്ടിടം ഭാഗികമായി നഷ്ടപ്പെടുന്നവര്‍ ബാക്കിയുള്ള കെട്ടിട ഭാഗം ആവശ്യപ്പെട്ടാല്‍ പൊളിച്ചു നല്‍കുകയും  പൊതുമരാമത്ത് വകുപ്പിന്റെ വിലനിര്‍ണയ പ്രകാരമുള്ള തുകയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യും.

RELATED STORIES

Share it
Top