പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെ

ന്യൂഡല്‍ഹി: കോടതി മുമ്പാകെ എത്തുന്ന കേസുകള്‍ വീതിച്ചുനല്‍കാനുള്ള അധികാരം (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) ചീഫ് ജസ്റ്റിസിന് തന്നെയാണെന്ന നിലപാട് ആവര്‍ത്തിച്ച് സുപ്രിംകോടതി. കേസുകള്‍ വീതിച്ചുനല്‍കാനുള്ള അധികാരം മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയത്തിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ കെ സിക്രിയും ജസ്റ്റിസ് അശോക് ഭൂഷനും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
ഭരണഘടനയില്‍ ചീഫ് ജസ്റ്റിസിന്റെ കടമ നിര്‍വചിച്ചിട്ടില്ലെങ്കിലും നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും ഉന്നത ഭരണച്ചുമതല ചീഫ് ജസ്റ്റിസിനാണ്. ഹൈക്കോടതികളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് അധികാരമെന്നും ബെഞ്ച് വ്യക്തമാക്കി.
കൊളീജിയത്തിന് കേസുകള്‍ വിഭജിച്ചുനല്‍കുന്നത് അപ്രായോഗികമാണ്. കോടതിയുടെ അച്ചടക്കവും അന്തസ്സും നിലനിര്‍ത്തുന്നതിന് വേണ്ടി ചീഫ് ജസ്റ്റിസ് തന്നെ കേസുകള്‍ വിഭജിച്ചുനല്‍കുന്ന കീഴ്‌വഴക്കം തുടര്‍ന്നുവരുകയാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. സഹ ജഡ്ജിമാരുടെ കഴിവ്, വിഷയ വൈദഗ്ധ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ വിഭജിക്കേണ്ടത്. അത് ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരത്തിനു വിടുന്നുവെന്നും സുപ്രിംകോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസില്‍ അധികാരം നിക്ഷിപ്തമാക്കിയ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ശാന്തിഭൂഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മകനുമായ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് അധികാരദുര്‍വിനിയോഗം ചെയ്യുകയാണെന്ന് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി മാധ്യമങ്ങള്‍ക്കു മുമ്പാകെ പറഞ്ഞിട്ടും ഇത്തരം നടപടിയുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തേ ഇതേ വിഷയത്തില്‍ പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു മുമ്പാകെ വന്നെങ്കിലും അധികാരം ചീഫ് ജസ്റ്റിസിനു തന്നെയെന്ന് ആവര്‍ത്തിച്ച് അദ്ദേഹം ഹരജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ അധികാരം വിശദീകരിക്കണം എന്നാവശ്യപ്പെട്ട്  ശാന്തിഭൂഷണ്‍ ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസുമായി അഭിപ്രായഭിന്നതയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിനു മുമ്പാകെയായിരുന്നു ഹരജി ആദ്യം എത്തിയത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു ഉത്തരവ് കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നടിച്ച അദ്ദേഹം, ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചു. ഇതോടെയാണ് കേസ് സിക്രിയുടെ ബെഞ്ചിലെത്തിയത്. ഇന്നലത്തേത് ഉള്‍പ്പെടെ, പരമാധികാരി ചീഫ് ജസ്റ്റിസാണെന്ന് എട്ടു മാസത്തിനിടെ മൂന്നാംതവണയാണ് സുപ്രിംകോടതി ആവര്‍ത്തിക്കുന്നത്.
ജഡ്ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴക്കേസ് ഭരണഘടനാ ബെഞ്ചിനു വിട്ട ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് അസാധാരണ നടപടിയിലൂടെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത് നീതിന്യായരംഗത്ത് പ്രതിസന്ധികള്‍ക്കു കാരണമായിരുന്നു. സംഭവത്തില്‍ ചീഫ് ജസ്റ്റിസിനെതിരേ മുതിര്‍ന്ന ജഡ്ജിമാരായ മദന്‍ ബി ലോകുര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, ചെലമേശ്വര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പദവി സംബന്ധിച്ച ഹരജികള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top