പരമസത്യത്തിന്റെ മിന്നലാട്ടം

മധ്യമാര്‍ഗം -  പരമു
സത്യം പറയുക! സത്യവാന്‍മാരായിരിക്കുക! സത്യത്തിനുവേണ്ടി നിലകൊള്ളുക! ജനകോടികളുടെ ഹൃദയഭിത്തികളില്‍ സൂക്ഷിച്ച സത്യത്തിന്റെ ആള്‍രൂപത്തെ എളുപ്പം ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ കഴിയുന്നു- എം കെ ഗാന്ധി. മഹാത്മാവ് എഴുതിയ ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ എടുത്തു നീട്ടിയാല്‍ മതി. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് പരമു ഈ പുസ്തകം മനസ്സിരുത്തി വായിച്ചത്. സത്യംകൊണ്ട് മഹാത്മാഗാന്ധിക്ക് ഉണ്ടായ വിവിധ പരീക്ഷണങ്ങളുടെ അനുഭവങ്ങള്‍ പറയുന്ന പുസ്തകമാണിത്. ഇതിന്റെ ആമുഖത്തില്‍ തന്നെ മഹാത്മജി പറയുന്നുണ്ട്,“ഞാന്‍ ഈ പേജുകളില്‍ കുറിക്കുന്നത് അഹന്താസ്പര്‍ശമുള്ളതായി വായനക്കാരന് തോന്നുന്നപക്ഷം എന്റെ സത്യാന്വേഷണത്തില്‍ എന്തോ പിശകുണ്ടെന്നും എന്റെ ദര്‍ശനങ്ങള്‍ കേവലം മരീചികയാണെന്നും അയാള്‍ കരുതണം. എന്നെപ്പോലെ അനേകായിരങ്ങള്‍ നശിച്ചാലും സത്യം നിലനില്‍ക്കട്ടെ.”മഹാത്മാഗാന്ധിയുടെ പടമാണ് നമ്മുടെ രാജ്യത്തിലെ ന്യായാസനങ്ങളുടെ പിറകില്‍ തൂക്കിയിട്ടിരിക്കുന്നത്.
ഖാദിയുടെ പ്രചാരണ പരസ്യത്തില്‍ നിന്ന് മഹാത്മാവിന്റെ പടം മാറ്റി പ്രധാനമന്ത്രി മോദിയുടെ പടം വച്ചപ്പോഴും ജനങ്ങള്‍ മഹാത്മാവിനെ തന്നെ ആദരിച്ചു. പ്രധാനമന്ത്രിയെ പരിഹസിച്ചു. സത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിനു പരാജയമില്ല എന്നതാണ്. കഷ്ടപ്പാടുകളും കാലതാമസവും ഏറെ സഹിച്ചാലും ഒടുവില്‍ സത്യത്തിന്റെ അഭിമാനകരമായ വിജയം നമുക്കു കാണാന്‍ സാധിക്കും. സത്യത്തെ മറച്ചുപിടിച്ചവരും അടിച്ചമര്‍ത്തിയവരും ചോരയില്‍ മുക്കിക്കൊന്നവരും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ സ്ഥാനം നേടിയവരാണ്. ഈ അവസരത്തില്‍ സത്യത്തിന്റെ നാനാതരം നന്മകളെ പറ്റി വാചാലമായി പറയുന്നതിന്റെ കാരണമെന്തെന്നു വായനക്കാര്‍ ചോദിക്കുന്നുണ്ടാവും. കാരണമുണ്ട്. സത്യത്തിന്റെ മുഖം നിരന്തരം വികൃതമാക്കിയ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് സത്യം വിളിച്ചുപറയുമ്പോള്‍ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടാത്തവരുണ്ടാകുമോ? പരമസത്യത്തിന്റെ മിന്നലാട്ടം കാണുമ്പോള്‍ സത്യാന്വേഷികള്‍ക്ക് നിശ്ശബ്ദരായിരിക്കാന്‍ കഴിയുമോ?
ബിജെപി പ്രസിഡന്റും പ്രധാനമന്ത്രിയുടെ വലംകൈയും അവസരവാദ രാഷ്ട്രീയത്തിന്റെ കിങ്‌മേക്കറുമായ അമിത് ഷായാണ് സത്യം വെളിപ്പെടുത്തി മാലോകരെ ആനന്ദിപ്പിക്കുകയും സ്വന്തം പാര്‍ട്ടിക്കാരെ തലകുനിപ്പിക്കുകയും ചെയ്തത്. ജീര്‍ണാവസ്ഥയിലേക്കു നീങ്ങുന്ന നമ്മുടെ രാഷ്ട്രീയത്തില്‍ ഇതൊരു നല്ല തുടക്കമാണ്. രാഷ്ട്രീയം മറന്ന് സത്യത്തിനു വേണ്ടി നിലകൊള്ളുന്നത് പ്രോല്‍സാഹിപ്പിക്കേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ എന്തൊക്കെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാലും അമിത് ഷാ എംപിക്ക് ആയിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. കര്‍ണാടകയിലെ തന്റെ പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന പരമസത്യമാണ് അമിത് ഷാ എംപി വെളിപ്പെടുത്തിയത്. ഉദാഹരണങ്ങളും അദ്ദേഹം നിരത്തിവച്ചു.
ഒരുപക്ഷേ അമിത് ഷാ പച്ചക്കള്ളം വിളമ്പാനായിരിക്കും ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി കേന്ദ്രഭരണത്തിന്റെ അധികാര ശീതളഛായയില്‍ ചെയ്തുവരുന്ന സേവനം! പക്ഷേ, സത്യം പുറത്തേക്കു ചാടിവന്നു. അതാണു സത്യത്തിന്റെ മഹത്തായ ഗുണം. എത്ര മൂടിവച്ചാലും എത്ര മറച്ചുപിടിച്ചാലും അത് ഒരു ദിവസം പുറത്തേക്കു ചാടും. അമിത് ഷായിലൂടെ സംഭവിച്ചത് അതാണ്. ഇനി എന്തൊക്കെ മലക്കംമറിച്ചിലുണ്ടായാലും സത്യം സത്യം തന്നെയാണ്. അഴിമതിക്ക് പേരുകേട്ട, അഴിമതിക്കേസുകളില്‍ അകപ്പെട്ട ബി എസ് യെദ്യൂരപ്പയെ അടുത്തിരുത്തി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലാണ് ബിജെപി നേതാവ് ജീവിതത്തില്‍ ഒരിക്കലെങ്കിലും സത്യം വിളിച്ചുപറഞ്ഞത്. എത്ര വേഗത്തിലാണ് ദേശീയതലത്തില്‍ തന്നെ ഈ വെളിപ്പെടുത്തല്‍ പ്രചരിപ്പിക്കപ്പെട്ടത്.
സ്വന്തം സംസ്ഥാന നേതാവിനെപ്പറ്റി ഇത്തരത്തില്‍ സത്യപ്രസ്താവന നടത്തിയാല്‍ ഏതൊരു പാര്‍ട്ടിയിലും വലിയ കോലാഹലമുണ്ടാവാന്‍ ഇടയുണ്ട്. ചിലപ്പോള്‍ ദേശീയ നേതാവ് പുറത്തായെന്നും വരാം. അമിത് ഷാ എംപിയുടെ കാര്യത്തില്‍ ഇതൊന്നും സംഭവിക്കുന്നില്ല. കാരണം, ബിജെപിയിലെ സകല കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് രണ്ടേ രണ്ടു നേതാക്കളാണ്- അമിത് ഷായും പ്രധാനമന്ത്രി മോദിയും. സത്യം വെളിപ്പെടുത്തിയതിലൂടെ ഒരുകാര്യം വ്യക്തമായി, കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് തുടര്‍ഭരണം; ബിജെപി തറപറ്റും.                         ി

RELATED STORIES

Share it
Top