പരക്കാട് ക്വാറിയില്‍ സംഘര്‍ഷം; റവന്യൂ അധികൃതര്‍ പരിശോധന നടത്തി

ചേലക്കര: ചേലക്കര പഞ്ചായത്തില്‍ പരക്കാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്ക ല്‍ ക്വാറിക്കെതിരേ നാട്ടുകാര്‍ രംഗത്ത്. സംഘര്‍ഷം കനത്തതോടെ പോലിസും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നാളുകളായി പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് സംഘര്‍ഷം. ടോറസ് ഉള്‍പ്പെടെ വലിയ വാഹനങ്ങളുടെ ഭീഷണിയും പൊടിപടലങ്ങള്‍ വര്‍ധിച്ചതും കുട്ടികള്‍ക്കും മറ്റും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്.
ഇന്നലെ രാവിലെ മെയിന്‍ റോഡില്‍ നിന്ന് ക്വാറിയിലേക്ക് പ്രവേശിക്കുന്ന ഗേറ്റില്‍ ലോഡുമായി വന്ന വാഹനങ്ങള്‍ തടഞ്ഞതോടെ സംഘര്‍ഷമായി. ചേലക്കര പോലിസ് എത്തി രേഖകള്‍ പരിശോധിച്ചതോടെ പാസ് ഇല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ സി സുനില്‍കുമാര്‍, വില്ലേജ് ഓഫിസര്‍ എസ് ഹാരിസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ നിയമാനുസൃതമല്ലാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
ക്വാറിയില്‍ ഉണ്ടായിരുന്ന അഞ്ച് ലോറികളും മൂന്ന് എക്‌സ്‌കവേറ്ററുകളും പിടികൂടി പോലിസിന് കൈമാറി. ക്വാറിയില്‍ അവശേഷിക്കുന്ന കല്ലുകളുടെ അളവെടുക്കാന്‍ ജിയോളജി വകുപ്പിന് രേഖകള്‍ കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു.
എറണാകുളം ചേലമറ്റം ഇ കെ കെ മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി എസ് ശെല്‍വരാജ്, മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എം എച്ച് അബ്ദുല്‍ സലാം, സഹോദരങ്ങളായ അബ്ദുല്‍ നാസര്‍, അബ്ദുല്‍ അസീസ്, അബ്ദുല്‍ നൗഷാദ് എന്നിവരുടെ പേരിലുള്ള സ്ഥലത്താണ് അനധികൃതമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി.

RELATED STORIES

Share it
Top