പയ്യോളി മനോജ് വധക്കേസ്: രാഷ്ട്രീയ കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പയ്യോളി: പയ്യോളി  മനോജ് (35) വധക്കേസ് രാഷ്ട്രീയ കൊലപാതകമെന്ന് സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസൂത്രകരുമാണെന്നാണ് സിബിഐ കണ്ടെത്തല്‍. പ്രതികളെ കോടതി  12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.


സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തിന് ഏരിയാ കമ്മിറ്റി അംഗീകാരം നല്‍കിയതു പ്രകാരമായിരുന്നു കൊലപാതകമെന്ന് സിബിഐ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് വിവിധ ബ്രാഞ്ചുകളില്‍ നിന്ന് ക്യത്യത്തിന് ആളുകളെ തെരഞ്ഞെടുത്തു. അന്നത്തെ ഏരിയാ സെക്രട്ടറി എന്ന നിലയിലാണ് ചന്തുവിനെ അറസ്റ്റു ചെയ്തത്.    ഇയാള്‍ക്ക് കൊലപാതകം സംബന്ധിച്ച് കൃത്യമായ അറിവുണ്ടായിരുന്നു . കൊലപാതകത്തിനുപയോഗിച്ച ആയുധക്കളടക്കം ചില തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

സിഐടിയുക്കാരനായ ഓട്ടോ ഡ്രൈവറെ വെട്ടിയതിന്റെ പ്രതികാരമായാണ് മനോജിന്റെ കൊലയെന്നാണ് സിബിഐ പറയുന്നു. അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും രണ്ട് പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

സിപിഎം ജില്ല കമ്മിറ്റിയംഗവും റിട്ട. അധ്യാപകനുമായ ടി ചന്തു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി രാമചന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗം സി സുരേഷ്, പി അനൂപ്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ കെടി ലിഖേഷ്, ലോക്കല്‍ കമ്മിറ്റിയംഗം എന്‍സി മുസ്തഫ, അഖില്‍നാഥ് കൊടക്കാട്ട്, നെരവത്ത് രതീഷ്, അയനിക്കാട് സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി പികെ കുമാരന്‍ എന്നിവരെയാണ് സിബിഐ അറസ്റ്റു ചെയ്തത്.

കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞെങ്കിലും അത് വിചാരണയില്‍ തെളിയേണ്ടതാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. അതേസമയം നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.


RELATED STORIES

Share it
Top