പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്പയ്യോളി: 1957ല്‍ സ്ഥാപിതമായ പയ്യോളി ഹൈസ്‌കൂള്‍ 60ാം വാര്‍ഷികനിറവില്‍ എത്തിനി ല്‍ക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്‌സി വിഭാഗങ്ങളിലായി 3000 ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ പൊതുവിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്കുയരുമ്പോള്‍ ഏകദേശം 27 കോടി രൂപ മതിപ്പ് ചിലവ് കണക്കാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു.ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി സമഗ്രമായ വികസന കാഴ്ചപ്പാടോടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. ഹൈടെക് ക്ലാസ് മുറികള്‍, സുസജ്ജമായ ലബോറട്ടറികള്‍, ഓഡിറ്റോറിയങ്ങള്‍, മിനി തിയേറ്ററുകള്‍, ഡിജിറ്റലൈസ്ഡ് ലൈബ്രറി, ആധുനിക രീതിയിലുള്ള ഭക്ഷണശാല, കുടിവെള്ളവിതരണം, നൂതനമായ ടോയ്‌ലറ്റ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ആര്‍ട്ട് റൂം, മ്യൂസിക് റൂം, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, ജൈവവൈവിധ്യ പാര്‍ക്ക്, തുടങ്ങിയ ഒട്ടനവധി പ്രൊജക്ടുകള്‍ ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുണ്ട്. എംഎല്‍എയുടെ ടീപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.2 കോടി രൂപ മുതല്‍മുടക്കി പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. ഈ വര്‍ഷം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് കോടി രൂപ കൂടാതെ ജില്ലാ പഞ്ചായത്ത് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്, നബാര്‍ഡ് തുടങ്ങി മറ്റു സ്വയംഭരണ സ്ഥാപനങ്ങളും മാസ്റ്റര്‍ പ്ലാനിലെ വിവിധ ഘട്ടത്തിലുള്ള പദ്ധതികള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി പിടിഎ, പൂര്‍വവിദ്യാര്‍ഥികള്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഭരണകര്‍ത്താക്കള്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ ആവശ്യമാണെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പി ബീന, കെ പ്രേമന്‍, ചന്ദ്രന്‍ മാവിലുകണ്ടി, തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ഹനീഫ പങ്കെടുത്തു.

RELATED STORIES

Share it
Top