പയ്യാമ്പലം പാര്‍ക്ക് ഡിടിപിസിക്ക് വിട്ടുകൊടുത്തു

കണ്ണൂര്‍: പയ്യാമ്പലം പാര്‍ക്കിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് നടത്തിപ്പിനു വേണ്ടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു(ഡിടിപിസി) വിട്ടുകൊടുക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ, ഏറെ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് മേയര്‍ ഇ പി ലത കൗണ്‍സില്‍ തീരുമാനം അറിയിച്ചത്.
വ്യവസ്ഥകളില്‍ നിന്നു പിറകോട്ടുപോയാല്‍ ഏതുനിമിഷവും തിരിച്ചെടുക്കാമെന്ന നിര്‍ദേശത്തോടെയാണ് പാര്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. പാര്‍ക്കുമായി ബന്ധപ്പെട്ട് സപ്തംബര്‍ ഒന്നിനു കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണു വിഷയം അജണ്ടയില്‍ ഉള്‍പെടുത്തിയത്. കോര്‍പറേഷനു വരുമാനം കുറവായതിനാല്‍ 50 ലക്ഷം രൂപയെങ്കിലും പ്രത്യേക ഗ്രാന്റായി അനുവദിക്കാനുള്ള നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് കത്ത് നല്‍കാനും തീരുമാനമായി.
എന്നാല്‍, ആനക്കുളത്തോടനുബന്ധിച്ച് ടൂറിസം പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ രൂപരേഖ തയ്യാറാക്കി ടൂറിസം വകുപ്പിലേക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കാമെന്ന ആവശ്യം ഭരണപക്ഷം തന്നെ എതിര്‍ത്തതോടെ ഒഴിവാക്കി. തല്‍ക്കാലം വിട്ടുകൊടുക്കുന്ന സ്ഥലങ്ങളിലെ നടത്തിപ്പ് വിശകലനം ചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധാരണയായി. അതേസമയം, കോര്‍പറേഷന്‍ മുന്‍ നിലപാടില്‍ നിന്നു വ്യതിചലിച്ചത് നാണക്കേടാണെ ന്നും കോര്‍പറേഷന്‍ തന്നെ നടത്തണമെന്നും പ്രതിപക്ഷ കൗ ണ്‍സിലര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. പാര്‍ക്ക് പൂട്ടിയപ്പോള്‍ സന്തോഷവാര്‍ത്തയെന്നു പറഞ്ഞ മേയര്‍ ഇപ്പോള്‍ നിലപാട് മാറ്റിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് സി സമീര്‍ പറഞ്ഞു.
പാര്‍ക്ക് പൂട്ടിയപ്പോള്‍ പഴയ നഗരസഭ എന്തോ അപരാധം ചെയ്‌തെന്ന വിധത്തില്‍ കോലാഹലം ഉണ്ടാക്കിയവര്‍ തന്നെ ഇപ്പോള്‍ മാറ്റിപ്പറയുകയാണെന്നു അഡ്വ. ടി അന്ദിര പറഞ്ഞു. പയ്യാമ്പലത്ത് 50 ബങ്കുകളുടെ കുംഭകോണമാണ് നടക്കാന്‍ പോവുന്നതെന്നും ഇതിനു ഡിടിപിസി രൂപരേഖ വരെ തയ്യാറാക്കിയതായും ആര്‍ രഞ്ജിത്ത് പറഞ്ഞു. എം പി മുഹമ്മദലി, എം ഷഫീഖ്, കെ പി എ സലീം, ഷാഹിന മൊയ്തീന്‍ എന്നിവരെല്ലാം കോര്‍പറേഷന്‍ തീരുമാനത്തെ എതിര്‍ത്തു.
എന്നാല്‍ കള്ളന്‍മാര്‍ക്ക് കുടപിടിക്കുന്ന അവസ്ഥ നമ്മള്‍ക്കില്ലെന്നും കൈകള്‍ ശുദ്ധമാണെന്നും ഭരണപക്ഷത്തെ ടി രവീന്ദ്രന്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ പാര്‍ക്ക് പൂട്ടിക്കുമ്പോള്‍ ആവേശത്തോടെ സംസാരിച്ച ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് മൗനം പാലിച്ചതും ശ്രദ്ധേയമായി.

RELATED STORIES

Share it
Top