പയ്യന്നൂര്‍ പോസ്റ്റോഫിസില്‍ പൊതുജനങ്ങള്‍ക്കു തീരാദുരിതം

പയ്യന്നൂര്‍: ടൗണില്‍ നിന്നു ഒരു കിലോമീറ്റര്‍ ദൂരമായി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കേളോത്ത് വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന പോസ്റ്റോഫിസിലെത്തുന്ന പൊതു ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദുരിതം. ചെറുപുഴ സിആര്‍പിഎഫ്, അരവഞ്ചാല്‍, കരിവെള്ളൂര്‍, മാതമംഗലം ബസാര്‍, എടാട്ട്, കുഞ്ഞിമംഗലം എന്നീ സബ് പോസ്റ്റോഫിസുകളിലേക്കും അന്നൂര്‍, പാലക്കോട്, എരമം, കാനായി, കണ്ടങ്കാളി, കണ്ടോത്ത്, കവ്വായി, കോറോം, മാത്തില്‍, പയ്യന്നൂര്‍ ആര്‍എസ്, വെള്ളൂര്‍ എന്നീ ബ്രാഞ്ച് പോസ്റ്റോഫിസുകളിലേക്കുമുള്ള എല്ലാവിധ തപാല്‍ ഉരുപ്പടികളും വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. കഴിഞ്ഞ 15 വര്‍ഷമായി വാടകയ്ക്കാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. സമീപത്തെ സ്ഥാപനത്തിന്റെ ലോഡിറക്കുവാനും കയറ്റാനും ഏകവഴി മാത്രമുള്ള സ്ഥലത്തുകൂടിയാണ് പോസ്റ്റോഫിസ് പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലേക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്കും പൊതുജനങ്ങളും നിക്ഷേപകരും മഹിളപ്രധാന്‍ ഏജന്റുമാരും, ജീവനക്കാരും കയറി യിറങ്ങുന്നത്. ഒട്ടുമിക്ക ദിവസങ്ങളിലും വൈകിയോടുന്ന മലബാര്‍ എക്‌സ്പ്രസിനാണ് കണ്ണൂര്‍ ആര്‍എംഎസില്‍ നിന്നു രാവിലെ തപാല്‍ ബാഗെത്തുന്നത്. ബാഗുകള്‍ മേല്‍ക്കൂരയില്ലാതെ മേല്‍പ്പറഞ്ഞ സബ് പോസ്റ്റോഫിസുകളിലേക്ക് എത്തിക്കാനുള്ള തത്രപ്പാട് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. സ്പീഡ് പോസ്റ്റ് റജിസ്റ്റര്‍ മറ്റു സേവിങ് നിക്ഷേപങ്ങള്‍ തുടങ്ങിയ ഇടപാടുകള്‍ നടത്താനെത്തുന്നവരുടെ വാഹനങ്ങളും ജീവനക്കാരുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാന്‍ ഇടമില്ലാതെ നട്ടം തിരിയുകയാണ്. ദിവസേന വരുന്ന ഡസന്‍ കണക്കിന് എക്പ്രസ് ബാഗുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് പാര്‍സലുകള്‍ എന്നിവ ഒന്നാം നിലയിലേക്ക് വലിച്ചുകയറ്റണം. ജീവനക്കാര്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ലാത്ത തരത്തിലുള്ള മെയില്‍ സെക്ഷന്‍ എന്ന കുടുസ്സ് മുറിയും, പേരിനുമാത്രമുള്ള സൈനിങ് ഹാള്‍, ഡ്രസിങ് റൂം എന്നിവയുടെ അവസ്ഥയും പരിതാപകരമാണ്. വേനല്‍കാലത്തിന്റെ ആരംഭത്തോടെ ഒന്നാം നിലയിലുള്ള വളരെ താഴ്ന്നുകിടക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തില്‍, പോസ്റ്റുമാസ്റ്റര്‍, ഏഴ് അസിസ്റ്റന്റുമാര്‍, എട്ട് പോസ്റ്റുമാന്‍മാര്‍, മൂന്ന് എംടിഎസുമാര്‍ അടക്കം 18 ജീവനക്കാര്‍ അസഹ്യമായ ചൂട് സഹിച്ചാണ് ജോലി ചെയ്യുന്നത്. മാത്രമല്ല കിണര്‍ വെള്ളം ഉപയോഗിക്കാനാവാത്ത വിധം മലിനവും വലപ്പോഴും രുചിമാറ്റം അനുഭവപ്പെടുന്നുണ്ട.് നിരവധി ഉപഭോക്താക്കള്‍ വിവിധ സേവനങ്ങള്‍ക്കും മറ്റുപല ആവശ്യങ്ങള്‍ക്കും തങ്ങളുടെ തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോകോപ്പി എടുക്കണമെങ്കില്‍ അരകിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. വാടക കെട്ടിടത്തിന് പിറകിലായി തപാല്‍ വകുപ്പിനു സ്വന്തമായി 20 സെന്റ് സ്ഥലമുണ്ട്. മതില്‍ കെട്ടി സംരക്ഷിച്ച സ്ഥലം പ്രയോജനപ്പെടുത്താത്തതിനാല്‍ കാട് കയറി നശിക്കുകയാണ്.

RELATED STORIES

Share it
Top