പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പേവിഷബാധയ്ക്ക് ചികില്‍സയില്ല

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പേ വിഷബാധയ്ക്ക് മതിയായ ചികില്‍സാ സൗകര്യമില്ലാതെ രോഗികള്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസം പേപ്പട്ടിയുടെ കടിയേറ്റ 21 പേരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അധികൃതരുടെ അനാസ്ഥ പ്രകടമായി. പരിക്കേറ്റവരെ ശുശ്രൂഷിച്ചതും പരിചരിച്ചതും ബന്ധുക്കള്‍.
ഒടുവില്‍ ഇവര്‍ക്കും പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടി വന്നു. ഇങ്ങനെ കഴിഞ്ഞ ദിവസം രാത്രി വരെ 49 പേര്‍ കുത്തിവയ്പിനു വിധേയമായി. ഇവരെല്ലാം ഈമാസം 10, 14, ഏപ്രില്‍ 4 തിയ്യതികളില്‍ വീണ്ടുമെത്തി രണ്ടുവീതം കുത്തിവയ്പ്് എടുക്കണമെന്നാണു അധികൃതരുടെ നിര്‍ദേശം. പരിക്കേറ്റവരുടെ കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കി തുണികൊണ്ടു കെട്ടിയ ശേഷം കണ്ണൂര്‍, കാസര്‍കോട് ജില്ലാ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
അപ്പോഴാണ് താലൂക്ക് ആശുപത്രിയുടെ ദയനീയത നാട്ടുകാര്‍ക്ക് ബോധ്യമായത്. ഇതേക്കുറിച്ച് അധികൃതരോട് പരാതിപ്പെട്ടെങ്കിലും മൗനമായിരുന്നു മറുപടി. പേ വിഷബാധയ്‌ക്കെതിരേയുള്ള ആന്റി റാബിസ് വാക്‌സിന്‍ ജില്ലാ ആശുപത്രിയില്‍ മാത്രമേയുള്ളൂ. തലയ്ക്കും മുഖത്തും കടിയേറ്റാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികില്‍സ. എന്നാല്‍, പരിയാരം മെഡിക്കല്‍ കോളജില്‍ ഇതിനു ചികില്‍സയില്ല. തുടര്‍ന്ന് ഗുരുതരമായി കടിയേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തെരുവുനായ്ക്കളുടെ കടിയേറ്റാല്‍ ആദ്യഘട്ടത്തില്‍ ഐഡിആര്‍വി പ്രതിരോധ കുത്തിവയ്പാണ് നല്‍കാറുള്ളത്. മറ്റ് വളര്‍ത്തുമൃഗങ്ങള്‍, കുരങ്ങ് എന്നിവയുടെ കടിയേറ്റാലും ഈ കുത്തിവയ്പ് തന്നെ നല്‍കും.
എന്നാല്‍ നായയുടേത് ഉള്‍പ്പെടെ ആക്രമണത്തില്‍ സാരമായി പരിക്കേല്‍ക്കുകയും, മുറിവ് പറ്റുകയും ചെയ്താല്‍ റാബിസ് എറിഗ് കുത്തിവയ്പാണ് നല്‍കാറുള്ളത്. നേരത്തെ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ ആക്രമിച്ച നിരവധി പേരെ  താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇതു തന്നെയായിരുന്നു അവസ്ഥ.

RELATED STORIES

Share it
Top