പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലുമരണം

പയ്യന്നൂര്‍(കണ്ണൂര്‍): എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളായ പുന്നവീട്ടില്‍ ബിന്ദു ലാല്‍(55), മകള്‍ ദിയ(11),
സഹോദരി ബിംബിതയുടെ മകന്‍ തരുണ്‍(16), മകള്‍ ഐശ്വര്യ(12), എന്നിവരാണ് മരിച്ചത്. ബിന്ദുലാലിന്റെ മാതാവ് പത്മാവതി, ഭാര്യ അനിത, സഹോദരി ബിംബിത എന്നവര്‍ക്കാണു പരിക്കേറ്റത്. ചിലരുടെ നില അതീവ ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണ് അപകടം. തൃശൂരില്‍ നിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു ദര്‍ശനത്തിനു പോവുകയായിരുന്നു കാറിലുണ്ടായിരുന്ന എട്ടംഗകുടുംബമാണ് അപകടത്തില്‍പെട്ടത്. മംഗലാപുരത്തുനിന്നു വരികയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എംഎ19 എബി 2366 ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ടാങ്കര്‍ ലോറി ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, സമീപപ്രദേശമായ വെള്ളൂരില്‍ മറ്റൊരു ഗ്യാസ് ടാങ്കര്‍ ലോറിയും അപകടത്തില്‍പെട്ടു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ വൈകീട്ട് 7 വരെ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയില്‍ നിന്ന് ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനാലാണ് രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകീട്ട് വരെ തുടര്‍ന്നത്. മൂന്നു ടാങ്കറുകളിലായാണ് ഗ്യാസ് മാറ്റി നിറച്ചത്. ഇതിന് എട്ടു മണിക്കൂറോളം വേണ്ടിവന്നു. അപകടം നടന്ന സ്ഥലത്തിനു അര കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ മൈക്ക് പ്രചാരണത്തിലൂടെ അധികൃതര്‍ സുരക്ഷാമുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED STORIES

Share it
Top