പയ്യനാട് സ്റ്റേഡിയത്തില്‍ ഉടന്‍ ഫഌഡ്‌ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനം

മലപ്പുറം: പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ ഫഌഡ്‌ലൈറ്റ് ഉടന്‍ സ്ഥാപിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് കായികമന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ നടന്ന നിര്‍മാണ മേല്‍ നോട്ട കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.  4.01 കോടി രൂപ ചെലവിലാണ് ഫഌഡ്‌ലിറ്റ് നിര്‍മിക്കുന്നത്.
ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. ഈ ആഴ്ച തന്നെ ടെന്‍ഡര്‍ നടപടിയുണ്ടാവും.  പുറമെ കരിഞ്ഞുണങ്ങിയ പുല്ല് വീണ്ടും വച്ചു പിടിപ്പിക്കുന്നതിന് 10 ലക്ഷം രൂപയും ഇന്നലെ അനുവദിച്ചു.  വാടക കെട്ടിടങ്ങളില്‍ പ്രവൃത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പയ്യനാടിലേക്ക് മാറ്റി സ്ഥാപിക്കാന്‍ 72 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.  താല്‍ക്കാലികമായി വെളളത്തിനായി പുഴങ്കാവില്‍ ജനകീയ പങ്കാളിത്തത്തില്‍  താല്‍ക്കാലിക തടയണ നിര്‍മിക്കാനും തീരുമാനിച്ചു.
പുഴങ്കാവ്, പിലാക്കല്‍,പയ്യനാട്, പന്തല്ലൂര്‍, ആനക്കയം പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്കാവശ്യമായ വെള്ളം  ലഭ്യമാക്കുന്നതിനും നേരത്തെ 12.80 കോടി രൂപ ചെലവില്‍ സ്ഥിരം തടയണ നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്താനും സ്റ്റേഡിയത്തിലേക്കുള്ള അപ്രോച്ച് റോഡുകള്‍ വീതികൂട്ടാനും തീരുമാനിച്ചു.
മന്ത്രിക്ക് പുറമെ എം ഉമ്മര്‍ എംഎല്‍എ,  മന്ത്രി കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കെ പി അനില്‍, പി കെ കുഞ്ഞാലിക്കുട്ടി  എംപിയുടെ പ്രതിനിധി എ കെ മുസ്തഫ, ജില്ലാ കലക്ടര്‍ അമീത് മീണ,  സ്‌പോര്‍ട്‌സ് സെക്രട്ടറി ടി ഒ സൂരജ്്,  സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, വൈസ് ചെയര്‍മാന്‍ വി പി ഫിറോസ്, പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു, മുന്‍ ചെയര്‍മാന്‍ അസൈന്‍ കാരാട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേറ്റ്  മെംബര്‍ എ ശ്രീകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഷംസുദ്ദീന്‍, എക്‌സിക്യുട്ടീവ് അംഗം കെ എ നാസര്‍, സ്‌പോര്‍ട്‌സ് ജോ. സെക്രട്ടറി മിനിമോള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ രാജു നാരായണന്‍  പങ്കെടുത്തു.

RELATED STORIES

Share it
Top