പയ്യനാട് സ്റ്റേഡിയത്തിന് വീണ്ടും പച്ച(പുല്‍)ക്കൊടി

ടി പി ജലാല്‍

മലപ്പുറം: പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം വീണ്ടും സജീവമാക്കാന്‍ തീരുമാനിച്ചു. പുല്ലിനൊപ്പം കരിഞ്ഞുണങ്ങിയ മലപ്പുറം ജില്ലയിലെ ഫുട്‌ബോള്‍ കാണികളുടെ മനസ്സിനാണ് അധികൃതര്‍ പ്രതീക്ഷയുടെ വിത്ത് പാകിയത്. ഇന്നലെ മലപ്പുറത്തു നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഉണങ്ങിക്കരിഞ്ഞ ഭാഗത്തെ പുല്ല് മാറ്റി സ്ഥാപിക്കാനും നനയ്ക്കാന്‍ കടലുണ്ടിപ്പുഴയിലെ പുഴങ്കാവില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കാനും തീരുമാനിച്ചു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കുള്ള 12.5 കോടിയുടെ ഭരണാനുമതിയായതായും യോഗത്തില്‍ അറിയിച്ചു. സ്റ്റേഡിയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാണ് ഈ പദ്ധതി. ഇതിന് പുറമെ ഫഌഡ്‌ലൈറ്റ് സ്ഥാപിക്കാനും തീരുമാനിച്ചു. ജനുവരി 3ന് മന്ത്രിമാരായ എ സി മൊയ്തീന്‍, കെ ടി ജലീല്‍, എന്നിവരും ഗ്രൗണ്ട് മാനേജ്‌മെന്റ് കമ്മിറ്റിയും തിരുവനന്തപുരത്ത് യോഗം ചേരും. ഇതിനുശേഷം ടെണ്ടര്‍ ക്ഷണിക്കും. കിറ്റ്‌കോ വഴിയാവും നടപടികളാരംഭിക്കുക. ഫഌഡ്‌ലൈറ്റിനുള്ള 4.01 കോടി രൂപ നേരത്തെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. നാല് ഫഌഡ്‌ലൈറ്റ് ടവറുകളാണ് സ്ഥാപിക്കുക. ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനത്തിന് അനുവദിച്ച 95.85 ലക്ഷം രൂപ വിനിയോഗിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാവും. ഇപ്പോള്‍ ചെങ്ങണ ബൈപാസിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സ്റ്റേഡിയം കോംപ്ലക്‌സിലേക്ക് മാറ്റാനും തീരുമാനിച്ചു. 25,000 പേരെയാണ് സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളുക. ഗ്രൗണ്ട് ശുചീകരണത്തിന് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും.   മഞ്ചേരി എല്‍ഡിഎഫ് നഗരസഭയാണ് 2000-01ല്‍ ഗ്രൗണ്ടിനുള്ള 25 ഏക്കര്‍ സ്ഥലം കണ്ടെത്തിയത്.  51.5 കോടിയുടെ പദ്ധതിയില്‍ 20 കോടി ചെലവാക്കി നിര്‍മിച്ച സ്റ്റേഡിയം 2014 ജനുവരി 14ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.  പുല്ലു വച്ച ശേഷം ഒരു ഓള്‍ ഇന്ത്യാ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 4.45. കോടി രൂപയും നീക്കിവച്ചു. ഇതിനുപുറമെ മലപ്പുറം പ്രിയദര്‍ശിനി ഇന്റഡോര്‍ സ്റ്റേഡിയത്തില്‍ ഷൂട്ടിംങ് റേഞ്ച് നിര്‍മിക്കാനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എടപ്പാള്‍, താനൂര്‍, നിലമ്പൂര്‍ എന്നിവടങ്ങളില്‍ നിര്‍മിക്കുന്ന സ്റ്റേഡിയം, പൊന്നാനിയിലെ അക്വാറ്റിക് കോപ്ലക്‌സ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. പൊന്നാനി കനോയിങ്-കയാക്കിങ് സെന്റലൈസഡ് സ്‌പോട്‌സ് ഹോസ്റ്റല്‍ പ്രവര്‍ത്തനം വാടകയ്ക്ക് എടുത്ത പുതിയ കെട്ടിടത്തിലേക്ക് ജനുവരി ആദ്യവാരത്തില്‍ മാറും. യോഗത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ടും വരവ്-ചെലവ് കണക്കുകളും അംഗീകരിച്ചു. കോട്ടപ്പടിയിലുള്ള സ്‌പോട്‌സ് കൗണ്‍സിലിന്റെ ഷോപ്പിങ് കൊംപ്ലക്‌സിന്റെ കരാര്‍ പുതുക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ, സ്‌പോട്‌സ് പ്രസിഡന്റ് പി ഷംസുദ്ദീന്‍, സെക്രട്ടറി എ രാജു നാരായണന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ ശ്രീകുമാര്‍, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ എ നാസര്‍, വല്‍സല കെ മനോഹര കുമാര്‍, പി ഋഷികേശ് കുമാര്‍, മുഹമ്മദ് ആഷിഖ് പങ്കെടുത്തു.

RELATED STORIES

Share it
Top