പയന്തോങ്ങില്‍ എംഎസ്എഫ് നേതാവിന്റെ വീടിനു നേരെ ബോംബേറ്‌

നാദാപുരം: കല്ലാച്ചി പയന്തോങ്ങില്‍ എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. പയന്തോങ്ങ് അത്യോറേമ്മല്‍ മുഹമ്മദ് റാബിത്തിന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാല്‍ മണിയോടെയാണ് സംഭവം.
കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വീടിനോട് ചേര്‍ന്ന റോഡില്‍ ബൈക്കിലെത്തിയാണ് ബോംബെറിഞ്ഞതെന്ന് റാബിത്ത് പറഞ്ഞു. വീടിന്റെ മുന്‍ഭാഗത്തെ ജനലില്‍ പതിച്ച ബോംബ് ഉഗ്ര സ്‌ഫോടനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ മുന്‍ഭാഗത്തെ ജനലിന്റെ രണ്ട് പാളികളിലെ ആറ് ചില്ലുകളും, മുന്‍ഭാഗത്തെ ബിത്തിയിലെ സിമന്റ് പ്ലാസ്റ്ററിങും തകര്‍ന്നു. സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ അടുക്കളയുടെ വാതിലില്‍ തുളച്ച് കയറിയ നിലയിലായിരുന്നു. ജനലില്‍ തൂക്കിയ കര്‍ട്ടന്‍ തീപിടിച്ച നിലയിലുമായിരുന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനംകൊണ്ട് വീടിനകത്തെ ക്ലോക്ക് ഒന്നേ പതിമൂന്നിന് നിലച്ച നിലയിലായിരുന്നു.
എംഎസ്എഫ് ശാഖാ ജോയിന്റ് സെക്രട്ടറിയായിരുന്ന റാബിത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്‌ഫോടന വിവരമറിഞ്ഞ് രാത്രിയില്‍ തന്നെ നാദാപുരം സിഐ എം ആര്‍ ബിജുവിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി.
മുസ്‌ലിം ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, എം പി സൂപ്പി , മുഹമ്മദ് ബംഗ്ലത്ത്, മണ്ടോടി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് ബാലകൃഷ്ന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ, സിപിഎം നേതാക്കളായ സി എച്ച് മോഹനന്‍, പി പി ബാലകൃഷണന്‍ എന്നിവര്‍ സ്‌ഫോടനം നടന്ന വീട് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ നാദാപുരത്ത് നിന്ന് ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
സ്ഫോടനം നടക്കുമ്പോള്‍ വീടിനകത്ത് റാബിത്തിന്റെ മാതാവും ഇളയ സഹോദരനും ഇറങ്ങി കിടക്കുകയായിരുന്നു. സ്‌ഫോടനം നടത്തിയ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും മുസ്‌ലിം ലീഗ് നേതാക്കളും, സിപിഎം നേതാക്കളും പോലിസിനോട് ആവശ്യപ്പെട്ടു. റാബിത്തിന്റെ പരാതിയില്‍ നാദാപുരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top