പയഞ്ചേരി വയല്‍ ജൈവവൈവിധ്യ പാര്‍ക്കായി സംരക്ഷിക്കണം

ഇരിട്ടി: നഗരമധ്യത്തില്‍ അനാഥമായി കിടക്കുന്ന പഴശി ജലസേചന വിഭാഗത്തിനു കീഴിലുള്ള പയഞ്ചേരി വയല്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി.പയഞ്ചേരി മുക്ക് മുതല്‍ ഇരിട്ടി പുതിയ ബസ്സ്റ്റാന്റ് വരെയുള്ള ഏക്കര്‍ കണക്കിനു സ്ഥലമാണ് വര്‍ഷങ്ങളായി തരിശായി കിടക്കുന്നത്. വയലില്‍ പൈതൃകം സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വഴി ഇരിട്ടി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കം. വര്‍ഷങ്ങള്‍ക്കു മുമ്പ് വന്‍ വില നല്‍കിയാണ്  പയഞ്ചേരി വയല്‍ ജലസേചന വകുപ്പ് പഴശ്ശി ജലസംഭരണിക്കായി ഏറ്റെടുത്തത്.
എന്നാല്‍ ഇന്ന് സംഭരണിയുടെ ഷട്ടര്‍ അടച്ചാല്‍ പോലും ഇവിടെ വെള്ളം കെട്ടി നില്‍ക്കാറില്ല. വര്‍ഷങ്ങളായി തരിശുകിടക്കുന്ന സ്ഥലം ടൗണിലെ മാലിന്യങ്ങള്‍ തള്ളാനും മറ്റുമാണ് ഉപയോഗിക്കുന്നത്. കുറച്ചുവര്‍ഷം മുമ്പ് വരെ വയലിന്റെ ഒരു ഭാഗത്ത് പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ നടത്താറുണ്ടായിരുന്നു. ഒരുഭാഗം മണ്ണിട്ടുയര്‍ത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, എഇഒ ഓഫിസ്, മൃഗസംരക്ഷണ വകുപ്പ് ഓഫിസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചത്.
കാലവര്‍ഷത്തില്‍ കൂളിചെമ്പ്ര, വികാസ് നഗര്‍, ഇരിട്ടി സ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ഈ വയലിലൂടെയാണ് പഴശ്ശി ജലസംഭരണിയില്‍ പതിക്കുന്നത്. ഇവിടെ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ജൈവവൈവിധ്യ പാര്‍ക്ക് ഉള്‍പ്പെടെ നിര്‍മിക്കാം. സ്ഥലം നഗരസഭയ്ക്ക്‌കൈമാറി ടൗണിന്റെ മുഖഛായ മാറ്റി പല വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കും.

RELATED STORIES

Share it
Top