പമ്പ് ഹൗസില്‍ വന്‍ തീപ്പിടിത്തം; 10 ലക്ഷം രൂപയുടെ നാശ നഷ്ടം

വെള്ളൂര്‍: വാട്ടര്‍ അതോറിറ്റിയുടെ മേവെള്ളൂരിലുള്ള പമ്പ് ഹൗസില്‍ വന്‍ തീപ്പിടിത്തം. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഇതോടെ വൈക്കം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങും. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണു സംഭവം. മൂവാറ്റുപുഴയാറില്‍ നിന്ന് വെള്ളൂര്‍ വെളിയന്നൂര്‍ പദ്ധതിലേയ്ക്കു വെള്ളം പമ്പ് ചെയ്യുന്ന പമ്പു ഹൗസിലാണു തീപ്പിടിത്തമുണ്ടായത്. പമ്പ് ഹൗസില്‍ സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യുതി വന്നു കയറുന്ന എസിബി(എയര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍)യാണ് കത്തിയത്.13 എസിബിയില്‍ രണ്ടെണ്ണമാണ് കത്തി നശിച്ചത്. മുറിക്കുള്ളില്‍ പൊട്ടിത്തെറിയുടെ ഒച്ചകേട്ട് ഓപറേറ്റര്‍ ഓടിയെത്തിയപ്പോഴാണു സംഭവം അറിയുന്നത്. ഉടന്‍ തന്നെ കടുത്തുരുത്തി ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയും കടുത്തുരുത്തിയില്‍ നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ എന്‍ജിന്‍ എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു. കടുത്തുരുത്തി, വെള്ളൂര്‍ തലയോലപ്പറമ്പ്, വൈക്കം, കുറവിലങ്ങാട്, വെളിയന്നൂര്‍, മാഞ്ഞൂര്‍, ഞീഴൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പുഹൗസാണിത്. ഈ പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങാന്‍ സാധ്യതയുണ്ട്. കടുത്തുരുത്തി ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം പി സജീവ്, എഎസ്ടിഒ ടി ഷാജി, തങ്കച്ചന്‍, ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. വെള്ളൂരില്‍ നിന്നും പോലിസും സ്ഥലത്തെത്തിയിരുന്നു.

RELATED STORIES

Share it
Top