പമ്പാ കോളജിന്റെ പേര് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു

മാന്നാര്‍: ദേവസ്വം ബോര്‍ഡ് പമ്പാ കോളേജിന്റെ പേര് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളജിന് കോളജ് സ്ഥാപിച്ച മുന്‍ ദേവസ്വം ബോര്‍ഡ് അംഗം പി കെചന്ദ്രാനന്ദന്റെ പേരിടുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചിട്ടുള്ളത്.
കോളജില്‍ നവീകരിച്ച ഈസ്റ്റ് ബ്ലോക്കിന്റെയും ഫിറ്റ്‌നെസ് സെന്ററിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ഓഡിയോ വിഷ്വല്‍ സെന്ററിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്വീകരണ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള നടപടികള്‍ യൂനിവേഴ്‌സിറ്റി തലത്തില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പി കെ ചന്ദ്രാനന്ദനെ പോലെ തന്നെ കോളജിനു വേണ്ടി കഷ്ടപ്പെട്ട നിരവധി ആളുകള്‍ പരുമലയിലും മാന്നാറിലുമുണ്ട്. ചന്ദ്രശേഖരന്‍ പിള്ള വൈദ്യന്‍, പ്രഫ. ലോപ്പസ്, പി എ അസീസ്‌കുഞ്ഞ് തുടങ്ങിയ പല പ്രമുഖരും കോളജ് ഇവിടെ സ്ഥാപിക്കുന്നതിന് അഹോരാത്രം പണിയെടുത്തിട്ടുണ്ട്. അന്നവരെല്ലാം ഐക്യകണ്‌ഠേന തീരുമാനിച്ച പേരായിരുന്നു പമ്പാ കോളേജ് എന്നത്. പമ്പാനദിയുടെ ഓരത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് പമ്പാ കോളജ് എന്ന് പേരിട്ടത്. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കോളജിന് ഇത്രയും കാലം പേര് മാറ്റാതെ ഇപ്പോള്‍ പേര് മാറ്റുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന ആരോപണവും ശക്തമാണ്.കോളജിന്റെ പേര് മാറ്റത്തിനെതിരേ കവയിത്രി എസ് ശാരദക്കുട്ടിയെപ്പോലുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പേര് മാറ്റത്തിനെതിരേ ശാരദക്കുട്ടി ഫേസ് ബുക്കില്‍ പങ്ക് വച്ച കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ‘’ഇടതു വിദ്യാര്‍ഥി സംഘടനകളോട്, പൂര്‍വ്വ വിദ്യാര്‍ഥികളോട്, അധ്യാപക അനധ്യാപക സമൂഹത്തോട്, പൗരസമൂഹത്തോട് ഞാനഭ്യര്‍ഥിക്കുന്നത്. പമ്പാ കോളേജിന്റെ പേര് പി കെ ചന്ദ്രാനന്ദന്‍ കോളജ് എന്നാക്കി മാറ്റുന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ നിങ്ങള്‍ എതിര്‍ക്കണം. രാഷ്ട്രീയ നേതാവിന്റെ പേരിലല്ല, ആ പ്രദേശത്തെ നിത്യഹരിതമാക്കി നിലനിര്‍ത്തുന്ന നദിയുടെ പേരില്‍ത്തന്നെ വേണം കലാലയം അറിയപ്പെടാന്‍.
അതൊരു സംസ്‌കാരത്തിന്റെ അടയാളമാണ്. അതു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കാതെ, നിങ്ങള്‍ നിങ്ങളുടെ സാംസ്‌കാരിക ബോധം, രാഷ്ട്രീയ ബോധം ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യമിതാണെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.  അതേ സമയം കോളജ് അധ്യാപകരും, അനധ്യാപകരും, വിദ്യാര്‍ഥികളും, പൂര്‍വ വിദ്യാര്‍ഥികളും, നാട്ടുകാരും ഒരുപോലെ ഈ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

RELATED STORIES

Share it
Top