പമ്പയുടെ മറുകരയെത്താന്‍ സംവിധാനമായി

പത്തനംതിട്ട: പ്രളയം കനത്ത നാശം വിതച്ച പമ്പയിലൂടെ ശബരിമലയിലെ കന്നിമാസ പൂജയ്ക്കായി തീര്‍ത്ഥാടകരെ കടത്തിവിടുന്നതിനുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. പമ്പയിലെ രണ്ടു പാലങ്ങളുടെ മുകളില്‍ പൂര്‍ണമായും മണ്ണ് അടിഞ്ഞുകൂടിയതു മൂലം ഇവ കണ്ടെത്താനാവാത്ത അവസ്ഥയായിരുന്നു. ദേവസ്വം ബോര്‍ഡ് നിയോഗിച്ച 300ഓളം തൊഴിലാളികളും ജീവനക്കാരും ചേര്‍ന്നു നടത്തിയ പരിശ്രമത്തില്‍ മണ്ണടിഞ്ഞു കൂടിയ പാലങ്ങള്‍ കണ്ടെത്തി മണ്ണ് നീക്കം ചെയ്തു. പ്രളയത്തില്‍ ഗതിമാറി, പമ്പ മണല്‍പ്പുറത്തു കൂടിയാണിപ്പോ ള്‍ ഒഴുകുന്നത്. നേരത്തെ ത്രിവേണി പാലത്തില്‍ നിന്നു തീര്‍ത്ഥാടകര്‍ ഇറങ്ങുന്നത് പമ്പാ മണല്‍പ്പുറത്തേക്കായിരുന്നു. ഈ മണല്‍പ്പുറമാണ് ഇപ്പോള്‍ നദി കവര്‍ന്നെടുത്തത്. ഈ ഭാഗത്തു നദിയില്‍ കല്ലുകള്‍ അടുക്കിയും മണല്‍ ച്ചാക്കുകള്‍ നിരത്തിയും തകര്‍ന്നുപോയ രാമമൂര്‍ത്തി മണ്ഡപത്തിനടുത്തേക്കു നടന്നുപോവാവുന്ന രീതിയില്‍ അയ്യപ്പസേതു എന്ന പേരില്‍ ഒരു താല്‍ക്കാലിക സംവിധാനം ഒരുക്കിയതോടെ പമ്പയുടെ മറുകരയില്‍ എത്താനായി. ഇവിടെ നിന്നു തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ പമ്പാ ഗണപതി ക്ഷേത്രത്തിലെത്താം. പാലത്തിലൂടെ എത്തുന്ന ട്രാക്ടറുകള്‍ക്കും മറുകരയെത്തി പഴയ ശുചിമുറികളുടെ പിന്നിലൂടെ സന്നിധാനത്തേക്കു കടന്നുപോകാവുന്ന രീതിയില്‍ ക്രമീകരണങ്ങളാക്കിയിട്ടുണ്ട്.പമ്പയിലെ വൈദ്യുതി വിതരണ സംവിധാനങ്ങളും തെരുവുവിളക്കുകളും ജലവിതരണ സംവിധാനങ്ങളും പൂര്‍ണമായും തകരുകയും രാമമൂര്‍ത്തി മണ്ഡപം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിലംപതിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ പമ്പയിലെ ആശുപത്രിയുടെ ഒന്നാം നിലയുടെ മുക്കാല്‍ ഭാഗത്തോളം മണ്ണ് നിറഞ്ഞ അവസ്ഥയിലാണ്. വൈദ്യുതി ബോര്‍ഡും ജല അതോറിറ്റിയും കന്നിമാസ പൂജയ്ക്കു മുമ്പായി അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരികയാണ്. സ ര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിവരുന്ന താല്‍ക്കാലിക പ്രവര്‍ത്തനങ്ങള്‍ 12നു മുമ്പ് പൂര്‍ത്തിയാക്കുന്നതിനു ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതോടെ തീര്‍ത്ഥാടകര്‍ക്കു സന്നിധാനത്തേക്ക് കടന്നുപോവാന്‍ കഴിയും. കഴിഞ്ഞ മാസപൂജയ്ക്കും നിറപുത്തരിക്കും തീര്‍ത്ഥാടകരെ കടത്തിവിടാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ധാരാളം തീര്‍ത്ഥാടകര്‍ നിരാശയിലായിരുന്നു. ഇവരെല്ലാവരും ഈ മാസം ദര്‍ശനത്തിന് എത്തുന്നതിനു നിരവധി അന്വേഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ത്രിവേണി പാലം ഗതാഗതയോഗ്യമാക്കിയതോടെ ട്രാക്ടറുകളും ഹിറ്റാച്ചികളും മറുകരയിലെത്തിക്കാന്‍ കഴിഞ്ഞു. ഇതുമൂലം പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നുണ്ട്.

RELATED STORIES

Share it
Top