പമ്പയില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കും: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: പ്രളയത്തില്‍ പമ്പ മണപ്പുറത്തെയും അനുബന്ധ പ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തില്‍ മണപ്പുറത്ത് ഇനി സ്ഥിരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടുന്നതിന് താല്‍ക്കാലികമായി ഒരുക്കുന്ന സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം പമ്പയില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. പമ്പയിലെ രണ്ടു പാലങ്ങളുടെ മുകളില്‍ അടിഞ്ഞുകൂടിയിരുന്ന മണ്ണ് മാറ്റി പാലങ്ങള്‍ ഉപയോഗയോഗ്യമാക്കി. നദി ഗതിമാറി ഒഴുകിയതിനാല്‍ പമ്പ ഗണപതിക്ഷേത്രത്തിലേക്ക് എത്തുന്നതിന് ശ്രീരാമസേതുവിന്റെ മാതൃകയില്‍ അയ്യപ്പസേതു പമ്പയില്‍ നിര്‍മിച്ചു. ദേവസ്വം ബോര്‍ഡിന്റെ 300ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 400ഓളം പേരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് സന്നിധാനത്തേക്കു പോവുന്നതിന് അയ്യപ്പസേതുവിലൂടെ താല്‍ക്കാലിക സംവിധാനം ഒരുക്കാനായത്. അടുത്ത മാസപൂജയ്ക്ക് തീര്‍ത്ഥാടകരെ കടത്തിവിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. അനാവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇനി പമ്പാ മണപ്പുറത്ത് വേണ്ടെന്നതാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നദി തന്നെ ഇല്ലാതാക്കുമെന്ന പാഠമാണ് ഈ പ്രളയം നല്‍കിയത്. പമ്പാ നദിയെയും നദിക്കരയെയും സ്വാഭാവിക നീരൊഴുക്കിന് വിട്ടുകൊടുക്കും. പരിസ്ഥിതി സൗഹൃദമായ നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് ദേവസ്വം ബോര്‍ഡ് പൂര്‍ണമായും മാറും. സങ്കുചിതമായ പരിസ്ഥിതിവാദമോ പരിസ്ഥിതിയെ പൂര്‍ണമായും തകര്‍ക്കുന്ന സമീപനമോ സ്വീകരിക്കാതെ പ്രായോഗികമായ സമീപനം സ്വീകരിച്ചാവും ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുക. പമ്പയിലും പരിസരങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് താല്‍ക്കാലിക നിര്‍മിതികളായിരിക്കും ഇനി പരിഗണിക്കുക. വ പ്രധാന ഇടത്താവളങ്ങളായ എരുമേലി, നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍ എന്നിവ ബേസ് ക്യാംപുകളായി കണ്ട് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം. നിലയ്ക്കല്‍ വരെ വാഹനങ്ങള്‍ കടത്തിവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പ വരെയുള്ള 23 കിമീ യാത്ര കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് മുഖേനയോ മറ്റ് ഏജന്‍സികള്‍ വഴിയോ ക്രമീകരിക്കും.

RELATED STORIES

Share it
Top