പബ്ലിസിറ്റിക്കു വേണ്ടി മോദി സര്‍ക്കാര്‍ ചെലവിട്ടത് 3,755 കോടി

ന്യൂഡല്‍ഹി: വിവിധ വിഭാഗങ്ങളിലായി നരേന്ദ്രമോദി സര്‍ക്കാര്‍ പബ്ലിസിറ്റിക്കായി ചെലവിട്ടത് 3,755 കോടിരൂപ. ഗ്രേറ്റര്‍ നോയ്ഡയിലെ സാമൂഹ്യപ്രവര്‍ത്തകനായ രംവീര്‍ തന്‍വാര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം തുക വെളിപ്പെടുത്തിയത്.


2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെ വിവിധ പരസ്യങ്ങള്‍ക്കായി 37,54,06,23,616 രൂപയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെലവഴിച്ചത്. 1,656 കോടി രൂപയാണ് ഇലക്ട്രോണിക് മീഡിയയില്‍ പരസ്യം ചെയ്യാന്‍ ഉപയോഗിച്ചത്. അച്ചടി മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ 1,698 കോടി രൂപയാണ് ഉപയോഗിച്ചത്. ഇവ കൂടാതെ,കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ഇന്റര്‍നെറ്റ്, എസ്എംഎസ് തുടങ്ങിയ മാധ്യമങ്ങളിലും പരസ്യം നല്‍കിയിട്ടുണ്ട്. ഹോര്‍ഡിങ്, പോസ്റ്റര്‍, ബുക്ക്‌ലെറ്റ്‌സ്, കലണ്ടര്‍ തുടങ്ങിയ ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്കായി 399 കോടി രൂപയാണ് ചെലവഴിച്ചത്.
നേരത്തെ പല തവണയായി മോദി സര്‍ക്കാര്‍ പരസ്യത്തിനു ചെലവഴിച്ച തുക പുറത്തുകൊണ്ടുവന്ന വ്യക്തിയാണ് രംവീര്‍ തന്‍വാര്‍.

RELATED STORIES

Share it
Top