പബ്ബ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല

മുംബൈ: മുംബൈയില്‍ 14 പേര്‍ മരിക്കാനിടയായ അഗ്‌നിബാധയ്ക്ക് സാക്ഷ്യം വഹിച്ച “വണ്‍എബൗ പബ്ബ്’ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പോലിസും മുനിസിപ്പല്‍ അധികൃതരും ആരോപിച്ചു. അഗ്‌നിബാധയില്‍ പെട്ട ഉപഭോക്താക്കളെ സഹായിക്കുന്നതിനു പകരം പബ്ബിന്റെ മാനേജരും മറ്റ് ജീവനക്കാരും സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയെന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ദിനപത്രി റിപോര്‍ട്ടില്‍ പോലിസ് അറിയിച്ചു.തീപ്പിടിത്തത്തിനിടയില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി പുറത്തുകടക്കാന്‍ പബ്ബും മാനേജ്‌മെന്റും സൗകര്യമൊരുക്കിയില്ല. പബ്ബിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് 14 പേരുടെ മരണത്തിനിടയാക്കിയത്. അടിയന്തരമായി പുറത്തുകടക്കാനുള്ള വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു-അവര്‍ പറഞ്ഞു.അതേസമയം, മുമ്പു ചട്ടങ്ങള്‍ ലംഘിച്ചതിന് പബ്ബിനെതിരേ 300 ലേറെ തവണ നടപടി സ്വീകരിച്ചിരുന്നുവെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഉദ്യോഗസ്ഥന്‍ പറഞ്ഞു.2016 ഒക്ടോബറിലാണ് കോര്‍പറേഷനില്‍ നിന്ന് പബ്ബിന് അഗ്‌നിസുരക്ഷാ കെട്ടിട അനുമതികള്‍ ലഭിച്ചത്. എന്നാല്‍, ചട്ടങ്ങള്‍ പബ്ബ് പാലിച്ചില്ല. വ്യാപാര പ്രവര്‍ത്തനത്തിനായി തുറസ്സായ സ്ഥലം കൈയേറിയതിന് കഴിഞ്ഞ മെയ് 27ന് പബ്ബിന്റെ മാനേജ്‌മെന്റിനെതിരേ നടപടിയെടുത്തിരുന്നു. കഴിഞ്ഞ ആഗസ്ത് രണ്ടിന് കൈയേറി പണിത പബ്ബിന്റെ ഒരു ഭാഗം അധികൃതര്‍ ഇടിച്ചുനിരത്തിയിരുന്നു. പബ്ബിന്റെ നടത്തിപ്പുകാരായ സി ഗ്രേഡ് ഹോസ്പിറ്റാലിറ്റി ഉടമസ്ഥരായ ഹ്രതേഷ് സംഘ്‌വി, ജിഗര്‍ സംഘ്‌വി, അഭിജിത് മങ്ക എന്നിവര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ എം ജോഷിമാര്‍ഗ് പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരെ ബിഎംസി സസ്‌പെന്‍ഡ് ചെയ്തു. മുനിസിപ്പല്‍ കമ്മീഷണര്‍ അജോയ് മെഹ്ത അറിയിച്ചതാണിത്. അഗ്‌നിശമന സേനാ വിഭാഗവുമായി ബന്ധപ്പെട്ടവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുംബൈ മേയര്‍ വിശ്വനാഥ് മഹാദേശ്വര്‍ പറഞ്ഞു.

RELATED STORIES

Share it
Top