പന്ന്യന്‍ ഭരതന്‍ : വിടവാങ്ങിയത് ബഹുമുഖ പ്രതിഭകണ്ണൂര്‍: സ്പര്‍ശിച്ച മേഖലകളിലെല്ലാം കഴിവുതെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നലെ അന്തരിച്ച പന്ന്യ ന്‍ ഭരതന്‍. ഒരേസമയം ട്രേഡ് യൂനിയന്‍, രാഷ്ട്രീയം, കായികരംഗം, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ മിന്നിത്തിളങ്ങി. കക്കാട് കോര്‍ജാന്‍ യുപി സ്‌കൂളിലെ ഇഎസ്എല്‍സി പഠനത്തിനുശേഷം ബീഡിത്തൊഴില്‍ പഠിക്കാന്‍ എം കെ കൃഷ്ണന്‍ ആ ന്റ് സണ്‍സ് കമ്പനിയില്‍ ചേര്‍ന്നു. 1951ല്‍ ചിറക്കല്‍ ബീഡി-ചുരുട്ട് തൊഴിലാളി യൂനിയന്‍ പുസ്സസംഘടിപ്പിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതിയംഗമായി. സി കണ്ണന്‍ 1957ല്‍ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനമൊഴിഞ്ഞപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു പന്ന്യന്‍ ഭരതന്‍. സെക്രട്ടറിയായിരുന്ന പനക്കട കുഞ്ഞിരാമന്‍ മംഗലാപുരത്തേക്ക് സ്ഥലംമാറിയതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയായി. എഐടിയുസി നേതാവായിരുന്ന എം ഗോപിയാണ് ഭരതനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്.ബീഡി-സിഗാര്‍ വര്‍ക്കേര്‍സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1969 മുതല്‍ 1994 വരെ കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ കേന്ദ്രസംഘം ഡയറക്ടറായിരുന്നു. 1961ല്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ താലൂക്ക് കമ്മിറ്റി അംഗമായി. താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. 1967 ഫെബ്രുവരി 20ന് നവജീവന്‍ പത്രത്തിന്റെ കണ്ണൂര്‍ പ്രതിനിധിയായി പത്രപ്രവര്‍ത്തനം തുടങ്ങി. 1970ല്‍ ജനയുഗം കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ കണ്ണൂര്‍ ലേഖകനായി. നീണ്ട 27 വര്‍ഷം പത്രപ്രവര്‍ത്തന മേഖലയില്‍ തിളങ്ങി. ജനയുഗത്തിന്റെ കണ്ണൂര്‍ ലേഖകനായിരുന്നു. 1986, 87, 88 വര്‍ഷങ്ങളില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. വൈസ് പ്രസിഡന്റ്, ഖജാഞ്ചി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പഠനകാലം മുതല്‍ ഫുട്‌ബോളിനോടായിരുന്നു കമ്പം. പിവിഎസ് കമ്പനിയിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ക്ലബ് രൂപീകരിക്കാന്‍ മുന്‍കൈയെടുത്തു. യുനൈറ്റഡ് ബ്രദേഴ്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയായും മാറി. ഭരതന്റെ നേതൃത്വത്തിലാണ് കമ്പേത്ത് കുഞ്ഞിരാമന്‍ സ്മാരക അഖില മലബാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടത്. കണ്ണൂര്‍ ലക്കി സ്റ്റാര്‍ ക്ലബ്ബിന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നല്ലൊരു കളിയെഴുത്തുകാരന്‍ കൂടിയായിരുന്നു പന്ന്യന്‍ ഭരതന്‍. 1952ല്‍ കണ്ണൂരിലാരംഭിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടകരില്‍ പ്രമുഖനായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്ന ശ്രീനാരായണ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പിലും മുഖ്യപങ്ക് വഹിച്ചു.

RELATED STORIES

Share it
Top