പന്നീര്‍ സെല്‍വം നിവേദനം സമര്‍പ്പിച്ചു

ചെന്നൈ: ജൂണ്‍ ഒന്നിന് തമിഴ്‌നാട്ടിലെ കൃഷിക്കാലം ആരംഭിക്കാനിരിക്കെ സുപ്രിം കോടതി ഉത്തരവു പ്രകാരമുള്ള കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടു. ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിക്ക് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വം ഇതു സംബന്ധിച്ച നിവേദനം സമര്‍പ്പിച്ചു.
വിഷയത്തിലെ കേന്ദ്രനിലപാടില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കെയാണ് നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്. നിവേദനത്തിന്റെ പകര്‍പ്പ് പന്നീര്‍ സെല്‍വം മാധ്യമങ്ങള്‍ക്കു കൈമാറി. കാവേരി ജലത്തെ ആശ്രയിച്ച് കൃഷിയിറക്കുന്ന ഒരു വലിയ വിഭാഗം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണം കാത്തിരിക്കുകയാണെന്നു നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് തമിഴ്‌നാടിന് നീതി ലഭ്യമാക്കണമെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലായിരുന്നു കമലഹാസന്റെ അഭ്യര്‍ഥന. ബോര്‍ഡ് രൂപീകരിക്കാത്തതിനു പിന്നില്‍ മെയ് 12ന് നടക്കാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പാണെന്നാണു തമിഴ്‌നാട്ടിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്. ഇതു താങ്കള്‍ തിരുത്തണം. ബോര്‍ഡ് രൂപീകരിക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. വിഷയത്തില്‍ തമിഴ്‌നാടിനും കര്‍ണാടകയ്ക്കും നീതി ലഭിക്കണം. തിരഞ്ഞെടുപ്പുകളെക്കാള്‍ വലുതാണു ജനങ്ങളെന്ന് പ്രധാനമന്ത്രി തിരിച്ചറിയണമെന്നും കമല്‍ ഹാസന്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top