പന്നിക്കോട്ട് യുവാവിന് വെട്ടേറ്റ സംഭവം; ചീട്ടുകളി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സംശയം

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം  നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പന്നിക്കോടിനടുത്ത് എരഞ്ഞിമാവില്‍ താമസിച്ചു വരുന്ന സുല്‍ഫിക്കാണ് ഞായറാഴ്—ച രാത്രി 8.30 ഓടെ പന്നിക്കോട് അങ്ങാടിയില്‍ വെച്ച് വെട്ടേറ്റത്. ഒരു മീറ്ററോളം നീളമുള്ള വടിവാള്‍ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ സുല്‍ഫിസുഖം പ്രാപിച്ച് വരികയാണ്. ചീട്ടുകളി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. 4 ദിവസം മുന്‍പ് സുല്‍ഫിയുടെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു സംഘത്തെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ഇതിനുള്ള പ്രതികാരമാണ് ഞായറാഴ്ച രാത്രി നടന്ന അക്രമമെന്ന് കരുതുന്നു. കാറിലെത്തിയ അഞ്ചംഗ സംഘം മാണ് മര്‍ദിച്ചതെന്ന് സുല്‍ഫി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അക്രമികളുടെ കൂട്ടത്തിലുളള 2 പേരുടെ പേരും സുല്‍ഫി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ സംസ്ഥാനം വിട്ടതായും പോലിസ് കരുതുന്നു.മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നതിനായി പന്നിക്കോട് അങ്ങാടിയിലെ സിസിടിവി ക്യാമറ ദൃശ്യവും പോലിസ് പരിശോധിച്ച്‌വരികയാണ്.

RELATED STORIES

Share it
Top