പന്തെടുക്കാന്‍ കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ 15കാരന്‍ മുങ്ങിമരിച്ചു

തൃശൂര്‍: പുഴയിലേക്ക് തെറിച്ചുവീണ പന്തെടുക്കാന്‍ കൂട്ടുകാരോടൊപ്പം വെള്ളത്തിലിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു. തളിക്കുളം പുതുക്കുളം കണ്ണന്‍ചക്കിശ്ശേരി ഖാലിദിന്റെ മകന്‍ മുഹമ്മദ് ഹാഷില്‍ ആണ് മരിച്ചത്. വാടാനപ്പള്ളി കമല നെഹ്‌റു മെമ്മോറിയല്‍ സ്‌കൂള്‍ ഒമ്പതാംക്ലാസ്് വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകീട്ട് നാലോടെ പുളിയന്തുരുത്ത് യുവശക്തി ക്ലബ്ബിനടുത്താണ് സംഭവം. ഹാഷില്‍ ഉള്‍പ്പെടെ ആറ് കുട്ടികള്‍ പുഴയോരത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. കളിക്കിടെ പന്ത് പുഴയിലേക്ക് തെറിക്കുകയും ആറുപേരും പുഴയിലിറങ്ങി പന്തെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ഹാഷില്‍ വെള്ളത്തില്‍ മുങ്ങി. കൂടെയുള്ളവര്‍ അടുത്തെത്തുമ്പോഴേക്കും ഹാഷില്‍ താഴ്ന്നുപോയിരുന്നു. കുട്ടികള്‍ വിളിച്ചറിയിച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഹാഷിലിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഗുരുവായൂരില്‍ നിന്നെത്തിയ അഗ്‌നിശമന രക്ഷാസേന ഇരുപത് മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവില്‍ 5.25ന് വെള്ളത്തിനടിയില്‍നിന്ന്  മൃതദേഹം കണ്ടെടുത്തു.  ഹാഷിലിന്റെ വീട്ടുകാര്‍ ഇന്നലെ കുട്ടമംഗലത്ത് ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം തിരിച്ചെത്തിയ പിതാവിനോട് പറഞ്ഞ് കളിക്കാന്‍ പോയതായിരുന്നു ഹാഷില്‍. മൃതദേഹം തൃശൂര്‍ ജനറല്‍ ആശുപതി മോര്‍ച്ചറിയില്‍. ഖബറടക്കം പോസ്റ്റു മോര്‍ട്ടത്തിനുശേഷം ഇന്ന് ഇടശ്ശേരി ജുമാ അത്ത് പള്ളി കബറിസ്ഥാനില്‍ നടക്കും. ഒമാനിലായിരുന്ന പിതാവ് ഖാലിദ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അമ്മ: അമീറ. സഹോദരി: ഹബീബ(പ്ലസ് വണ്‍ വിദ്യാര്‍ഥിനി).

RELATED STORIES

Share it
Top