പന്തളത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍: ആത്മവിശ്വാസത്തോടെ ജനസാഗരസംഗമം

പന്തളം: തുല്യനീതി സ്വപ്‌നം കാണുന്ന ജനസഞ്ചയം പന്തളത്തിന്റെ ചരിത്രത്തിലേക്ക് ചുവടുവച്ച ദിനമായിരുന്നു ഇന്നലെ. പോപുലര്‍ ഫ്രണ്ട് യുനിറ്റിമാര്‍ച്ചിന് പതിനായിരങ്ങള്‍ ഒത്തു ചേര്‍ന്നതു ചരിത്രശേഷിപ്പുകള്‍ കഥപറയുന്ന പന്തളത്തിന് മറക്കാനാവാത്ത അനുഭവമായി. മര്‍ദ്ദിത ജനതയുടെ അവകാശപോരാട്ട ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ മറ്റൊരു ഏടുകൂടി തുന്നിച്ചേര്‍ത്താണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ യൂനിറ്റി മാര്‍ച്ചിന് പന്തളത്ത് സമാപനമായത്.
ഉച്ചകഴിഞ്ഞു മുതല്‍ തന്നെ നഗരത്തില്‍ ജനങ്ങളുടെ കുത്തൊഴുക്കു തുടങ്ങിയിരുന്നു. ചെറിയ കൂട്ടങ്ങളായി മുദ്രാവാക്യം വിളികളോടെയാണു സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തേക്കു  പ്രവഹിച്ചു കൊണ്ടിരുന്നു. സമ്മേളന നഗരിക്കു കിലോമീറ്ററുകള്‍ക്കിപ്പുറം മുതല്‍ തന്നെ തെരുവുകളും വീഥികളും നക്ഷത്രാങ്കിത ത്രിവര്‍ണ പതാകകള്‍ക്കൊണ്ടു അലങ്കരിച്ചിരുന്നു.
ആയിരക്കണക്കിനു വാഹനങ്ങള്‍ പത്തനംതിട്ട  ജില്ലക്കും പരിസരത്തു നിന്നുമായി എത്തിയെങ്കിലും ഗതാഗതത്തിന്റെ ചുമതലയുണ്ടായിരുന്ന വോളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത തടസ്സങ്ങളൊന്നുമുണ്ടായില്ല. ഭരണകൂട ഭീകരതയിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനും നീതിക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള പടയോട്ടത്തെ പിന്നോട്ടടിക്കാനാവില്ലെന്ന സന്ദേശമാണ് സമ്മേളനത്തില്‍ അണിനിരന്ന പതിനായിരങ്ങള്‍ വിളിച്ചോതിയത്.
പതിറ്റാണ്ടുകളായി വിവേചനത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും അവകാശ നിഷേധത്തിനും ഇരയാക്കി അപരവല്‍ക്കരിച്ചും അരികുവല്‍ക്കരിച്ചും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളിവിടപ്പെട്ട അടിസ്ഥാന ജനതയില്‍ അവകാശബോധം സൃഷ്ടിച്ച നവസാമൂഹിക പ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന ഉദ്യോഗസ്ഥ-ഫാഷിസ്റ്റ് കൂട്ടുകള്‍ക്ക് കനത്ത താക്കീതായി മാറുകയായിരുന്നു സമ്മേളനം. നിരോധന വാര്‍ത്തകള്‍ കാണിച്ചു ഭയപ്പെടുത്തേണ്ട എന്നും ഞങ്ങളും ഈ രാജ്യത്തിന്റെ സന്തതികളാണെന്നും റാലിയില്‍ പങ്കെടുത്തുവര്‍ അധികാരികളെ ഓര്‍മിപ്പിച്ചു.
പശുവും പള്ളിയും പറഞ്ഞു തല്ലിക്കൊല്ലാന്‍ ആയുധമേന്തിയ  സംഘപരിവാരത്തിന്റെ കൊലക്കത്തിക്ക് ഇരകളാകാന്‍ നിരപരാധികളെ വിട്ടുകൊടുക്കില്ല. ഭരണഘടനയെയും പട്ടാളത്തെയും രാജ്യത്തെയും നിരന്തരം അപമാനിക്കുന്ന സംഘപരിവാരത്തിന്റെ ഔദാര്യം വേണ്ട. ഭയപ്പെടാന്‍ ഒരുക്കമല്ലെന്നും ജനം വിളിച്ചുപറഞ്ഞു.

RELATED STORIES

Share it
Top