പന്തളം നഗരസഭയുടെ ചുറ്റുമതില്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍

പന്തളം: റോഡ് വീതി കൂട്ടിയപ്പോള്‍ പൊളിച്ചുമാറ്റപ്പെട്ട പന്തളം നഗരസഭയുടെ ചുറ്റുമതില്‍ പുനര്‍നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. ഇ-ടെന്‍ഡര്‍ ആയതിനാല്‍ കരാറുകാരും പണി ഏറ്റെടുക്കുന്നില്ല. തുറന്നു കിടക്കുന്ന നഗരസഭയില്‍ രാപ്പകല്‍ നായകളുടെ വിളയാട്ടവും. അഞ്ചു ലക്ഷം രൂപയുടെ ടെന്‍ഡറാണ് ആദ്യം വിളിച്ചത്. നിര്‍മ്മാണം ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകാത്തതിനാലും എസ്റ്റിമേറ്റ് അനുസരിച്ച് ഈ തുകയ്ക്കു നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിക്കില്ലായെന്നു കരാറുകാരും പറയുന്നു. ഏറ്റെടുക്കാന്‍ കരാറുകാര്‍ വിമുഖരായതില്‍ തുക വര്‍ധിപ്പിക്കുമെന്ന് നഗരസഭാ കമ്മിറ്റിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തീരുമാനം രേഖാമൂലമല്ലാത്തതിനാല്‍ കൂടുതല്‍ തുക അനുവദിച്ചില്ല എന്നാണ്  ക്ഷേമകാര്യ ചെയര്‍മാന്‍ പറഞ്ഞത്. നഗരസഭയില്‍ ലൈസന്‍സികളായി പത്തു കരാറുകാരും സബ് ആയി ഇരുപത്തി അഞ്ചോളം കരാറുകാരും നഗരസഭ ജോലികളെ മാത്രം ആശ്രയിച്ചിട്ടും നഗരസഭയുടെതായ ജോലി ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകാത്തതില്‍ വ്യാപക ആക്ഷേപം നിലനില്‍ക്കുന്നു. മുന്‍ അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കാരണമാണ് നിര്‍മാണം തുടങ്ങാന്‍ കാലതാമസം നേരിട്ടതെന്നു കരാറുകാരും പറയുന്നു. മതില്‍ നിര്‍മ്മാണം നടപ്പിലാകാത്ത സാഹചര്യത്തില്‍ ഒരു നോട്ടക്കാരനെ കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. ഭരണ കെടുകാര്യസ്ഥതതയും സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ ഒരു ഭരണകലയളവാണിതെന്ന് പ്രതിപക്ഷവും ആക്ഷേപിക്കുന്നു.

RELATED STORIES

Share it
Top