പനീര്‍ ശെല്‍വത്തിന് എതിരേ അന്വേഷണമില്ല; വിമര്‍ശനവുമായി കോടതി

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അന്വേഷണം നടത്താത്തതിനെതിരേ മദ്രാസ് ഹൈക്കോടതി. പരാതി ലഭിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണം നടത്താത്ത വിജിലന്‍സ് വകുപ്പിനോടാണു കോടതി വിശദീകരണം തേടിയത്. കേസ് സിബിഐക്ക് വിടുന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസിലെ പരാതിക്കാരനായ ഡിഎംകെ എംപി ആര്‍എസ് ഭാരതി തിങ്കളാഴ്ച നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് ജി ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്. ആദായനികുതി വകുപ്പിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പനീര്‍ശെല്‍വം സ്വത്തുക്കളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍ നിന്നും പനീര്‍ശെല്‍വം കോടികള്‍ കൈപ്പറ്റിയതായാണ് ആരോപണമുയര്‍ന്നത്. തേനി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു. തുടര്‍ന്നു ഡിഎംകെ നേതാവ് ആര്‍എസ് ഭാരതി കഴിഞ്ഞ മാര്‍ച്ചില്‍ വിജിലന്‍സിന് പരാതി നല്‍കി. എന്നാല്‍ പരാതി ലഭിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് ഭാരതി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് രൂക്ഷമായ ഭാഷയിലാണ് കോടതി ചോദിച്ചത്.  വ്യവസായി ശേഖര്‍ റെഡ്ഡി കൂടെ ഉള്‍പ്പെട്ട കേസായതിനാല്‍ സിബിഐ അന്വേഷണമല്ലേ നല്ലതെന്നും കോടതി ചോദിച്ചിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറുന്നതടക്കമുള്ള കാര്യങ്ങളില്‍ ഈ മാസം 23നകം സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. ശേഖര്‍ റെഡ്ഡിയുമായി പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി ആദായ നികുതി വകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു.

RELATED STORIES

Share it
Top