പനിച്ചുവിറച്ച് എരുമേലി; 27 പേര്‍ക്ക് ഡെങ്കിപ്പനിഎരുമേലി: മലയോരമേഖല പനിച്ചു വിറയ്ക്കുമ്പോള്‍ കണക്കുകളില്‍ കൂട്ടിയും കുറച്ചും തിരുത്തലുമായി ആരോഗ്യവകുപ്പ്. 27 പേര്‍ ഡെങ്കിപ്പനി ബാധിതരാണെന്ന വിവരം പുറത്തായപ്പോള്‍ എലീസാ ടെസ്റ്റ് നടത്താതെ സ്ഥിരീകരിക്കാനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ ടെസ്റ്റ് നടത്താനാവട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംവിധാനമില്ല. ആകെയുള്ള സിറം ടെസ്റ്റിന്റെ റിസല്‍ട്ടിന് ആഴ്ചകളോളം കാത്തിരിക്കണം. രോഗ സ്ഥിരീകരണം എത്തുന്നതുവരെ രോഗി അത്യാസന്ന നിലയില്‍ കഴിയുന്ന സ്ഥിതിയാണ്. എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്ത ബഹുനില മന്ദിരം അടച്ചുപൂട്ടി കിടത്തിച്ചികില്‍സ നടത്താതെ രോഗികളെയെല്ലാം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ്. ജനറല്‍ ആശുപത്രിയില്‍ നിലവില്‍ രോഗികളുടെ തിരക്കിനെ തുടര്‍ന്ന്  നിന്നുതിരിയാനിടമില്ല. ഒരു മാസത്തിനിടെയാണ് എരുമേലിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പെരുകിയത്. രണ്ട് ആഴ്ചക്കുളളില്‍ എരുമേലി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിപ്പനിബാധിതരായി ചികില്‍സ തേടിയത് 20 പേരാണ്.ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമായി മറ്റ് ആശുപത്രികളിലേക്കു റഫര്‍ ചെയ്തു. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ മേഖലയിലുട നീളം വ്യാപകമായതാണ് രോഗബാധിതരുടെ എണ്ണം പെരുകാന്‍ കാരണം. എന്നാല്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. വീടുകളില്‍ നടത്തുന്ന കൊതുകു നശീകരണം മാത്രമാണുള്ളത്. ഇതു ഫലപ്രദമല്ല. പൊതുസ്ഥലങ്ങളും തോട്ടങ്ങളും കൊതുകുകളുടെ താവളങ്ങളാണ്. ഫോഗിങും സ്‌പ്രേയിങും നടത്തുമെന്ന് ആരോഗ്യവകുപ്പിന്റെ നോട്ടീസിലുണ്ടെങ്കിലും നടപ്പിലായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുട്ടപ്പളളിയില്‍ ഏഴുപേര്‍ ഡെങ്കിപ്പനി ബാധിതരാണ്. ഒരു മാസം മുമ്പ് ഇവിടെ ഒരാള്‍ക്ക് രോഗം ബാധിച്ചിരുന്നെങ്കിലും ഭേദമായി. ദിവസവും എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 300 ഓളം പേരാണ് പനി ബാധിതരായി എത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി ചേരുമ്പോള്‍  പനി ബാധിതരുടെ എണ്ണം ക്രമാതീതമാണ്. ശ്രീനിപുരം, കനകപ്പലം, പാക്കാനം വാര്‍ഡുകളിലും പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top