പനമരത്തെ മദ്യവില്‍പനശാല പെരുവകയിലേക്ക് മാറ്റാന്‍ നീക്കം;ഹര്‍ത്താലും വഴിതടയലും ഉപരോധവും നടത്തിമാനന്തവാടി: ജനവാസ കേന്ദ്രവും ഗ്രാമ പ്രദേശവുമായ പെരുവകയിലേക്ക് പനമരത്തെ ബീവറേജസ് ഔട്‌ലറ്റ് മാറ്റാനുള്ള നീക്കം അന്തിമഘട്ടത്തിലെത്തയതോടെ പ്രദേശവാസികളുടെ പ്രതിഷേധം ആളിക്കത്തി. നേരത്തെ വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഔട്‌ലെറ്റാണ് പെരുവകയിലേക്ക് മാറുന്നതെന്നായിരുന്നു പ്രചരണം. എന്നാല്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ പനമരം ഔട്‌ലറ്റാണ് പെരുവകയിലേക്ക് മാറുന്നതെന്നതറിഞ്ഞതോടെ ഏതു വിധേനയും ഇത് തടയുന്നതിനായി നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. മദ്യഷാപ്പിനെതിരെ ബുധനാഴ്ച വൈകുന്നേരം പ്രദേശവാസികള്‍ ആരംഭിച്ച രാപ്പകല്‍ സമരം കൂടുതല്‍ ശക്തി പ്രാപിച്ചു. കമ്മനകുരുശിങ്കല്‍ മുതല്‍ പെരുവക റോഡ് ആരംഭം വരെ 24 മണിക്കൂര്‍ ഹര്‍ത്താലാഹ്വാനം ചെയ്ത് അര്‍ധരാത്രിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഇന്നലെ രാവിലെ മുതല്‍ കമ്മന റോഡ് കുട്ടികളും കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളുമുള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉപരോധിച്ചു. റോഡില്‍ അടുപ്പ് കൂട്ടി വാഹനഗതാഗതം പൂര്‍ണ്ണമായു തടസ്സപ്പെടുത്തിയായിരുന്നു സമരം. ഒരുമണിയോടെ സ്ഥലത്തെത്തിയ മാനന്തവാടി തഹസില്‍ദാര്‍ പി എന്‍ ഷാജുവിനെ സമരക്കാര്‍ ഉപരോധിച്ചു. ജില്ലാകളക്ടര്‍ വിഷയത്തിലിടപെട്ട് മദ്യശാല തുറക്കില്ലെന്നുറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. തഹസില്‍ദാരും മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ മണിയും സമരക്കാരുമായി സംസാരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി സബ്കളക്ടര്‍ വി ആര്‍ പ്രേം കുമാറുമായി ചര്‍ച്ചനടത്താന്‍ സമരക്കാര്‍ സന്നദ്ധരായി. എന്നാല്‍ സമരക്കാര്‍ സബ്കലക്ടറുടെ ഓഫിസിലേക്ക് പോകണമെന്ന ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് സബ്കളക്ടര്‍ നാല് മണിയോടെ സ്ഥലത്തെത്തി ഡിവൈഎസ്പി മുഹമ്മദ്ഷാഫി, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റില്‍ ജോസഫ് എന്നിവരടങ്ങുന്ന സംഘം സമരസമിതിനേതാക്കളായ എന്‍ പിശശികുമാര്‍, പീറ്റര്‍ കിഴക്കേനടയില്‍, അഡ്വക്കറ്റ് ഗ്ലാഡീസ്‌ചെറിയാന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമാണ് താല്‍ക്കാലികമായി വഴിതടയല്‍ സമരം നിര്‍ത്തിവെച്ചത്. ചര്‍ച്ചയില്‍ ഔട്‌ലെറ്റ് തുടങ്ങുന്നതിലേക്കുള്ള നീക്കങ്ങളൊന്നും തന്നെ ഇന്ന് രാവിലെ 11 മണി വരെ ഉണ്ടാവുകയുല്ലെന്നും 11 മണിക്ക് വീണ്ടും സമരസമിതിനേതാക്കളും ജനപ്രതിനിധികളും സര്‍വകക്ഷി പ്രതിനിധികളുമായി ചര്‍ച്ച നടത്തി ജില്ലാകളക്ടറെ തീരുമാനങ്ങള്‍ ധരിപ്പിക്കുമെന്നും സബ് കളക്ടര്‍ ഉറപ്പ് നല്‍കി. പ്രദേശത്തെ ക്രമസമാധന വിഷയത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും സബ്കളക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ വഴിതടയല്‍ അവസാനിപ്പിച്ചെങ്കിലും മദ്യഷാപ്പ് തുടങ്ങാന്‍ തീരുമാനിച്ച കെട്ടിടത്തിന് മുന്നിലെ സമരപ്പന്തലില്‍ രാപ്പകല്‍ സമരം തുടരുകയും ചെയതു. സമരത്തിന് കോണ്‍ഗ്രസ്, എസ്ഡിപിഐ, ബിജെപി, വള്ളിയൂര്‍ക്കാവ്‌സമരസമിതി തുടങ്ങിയ സംഘടനകളുടെ പിന്തുണയാണുള്ളത്. ഇതിനിടെ കഴിഞ്ഞദിവസം മദ്യഷാപ്പിന് കെട്ടിടം നല്‍കിയ മാത്യുവിന്റെ കാര്‍ കുട്ടിക്ക് തട്ടി നിര്‍ത്താതെ പോയ സംഭവത്തില്‍ കെട്ടിട ഉടമക്കെതിരെയും കെട്ടിടത്തിന്റെ മതില്‍പൊളിച്ച സംഭവത്തില്‍ സമരക്കാര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ ഔട്‌ലറ്റ് തുറക്കാനുള്ള നീക്കം പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്ന ഉറപ്പ് ലഭിച്ചില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top